ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. അവസാന കുറച്ച് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്പർസിനെ പരാജയപ്പെടുത്തിയാണ് ലിവർപൂൾ ഒന്നാമത് എത്തിയത്. ആവേശകരമായ മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. അവസരങ്ങൾ ഏറെ തുലച്ചു കളഞ്ഞത് ആണ് സ്പർസിന് വിനയായത്.
ആദ്യ പകതിയിൽ ലിവർപൂളിന്റെ തുടർ ആക്രമണങ്ങൾ ആണ് കണ്ടത്. 26ആം മിനുട്ടിൽ സലായുടെ ഒരു ഡിഫ്ലക്റ്റഡ്ഷോട്ട് വലയിൽ എത്തിയതോടെ ആൻഫീൽഡിൽ ലിവർപൂൾ മുന്നിലെത്തി. പിന്നീട് ജോസെ മൗറീനീയുടെ ടീമിന്റെ മികവാണ് കാണാൻ കഴിഞ്ഞത്. 33ആം മിനുട്ടിൽ ലിവർപൂളിന്റെ ഓഫ്സൈഡ് ട്രാപൊ വെട്ടിച്ച് ലൊസെൽസോ നൽകിയ പാസ് സ്കീകരിച്ച് മുന്നേറിയ സോൺ എളുപ്പത്തിൽ ലക്ഷ്യം കണ്ടു.
അതിനു ശേഷം ലീഡ് എടുക്കാൻ സ്പർസിന് നിരവധി അവസരങ്ങൾ ആണ് ലഭിച്ചത്. പക്ഷെ ഒന്നു പോലും ലക്ഷ്യത്തിൽ എത്തിയില്ല. ഹാരി കെയ്ൻ, ബെർഗ്വൈൻ എന്നിവർ സുവർണ്ണാവസരങ്ങൾ തന്നെ പാഴാക്കി. ഈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനുള്ള ശിക്ഷ സ്പർസിന് ഇഞ്ച്വറി ടൈമിൽ ലഭിച്ചു. 91ആം മിനുട്ടിൽ ഒരു മനോഹര ഹെഡറിലൂടെ ബ്രസീലിയൻ താരം ഫർമീനോ ലിവർപൂളിന്റെ വിജയ ഗോൾ നേടി.
ഈ വിജയത്തോടെ ലിവർപൂൾ 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. 25 പോയിന്റുമായി സ്പർസ് രണ്ടാമതാണ്.