ഇത്തവണ പ്രീമിയർ ലീഗ് കിരീടം നേടിയേ അടങ്ങൂ എന്നാണ് ലിവർപൂൾ. ക്രിസ്റ്റൽ പാലസിനെതിരെ ഇന്ന് ആൻഫീൽഡർ ലിവർപൂളിന്റെ പോരാട്ടവീര്യം ആണ് കണ്ടത്. ഒരു ചുവപ്പ് കാർഡും മൂന്ന് ഗോളുകളും ലിവർപൂൾ ഇന്ന് വഴങ്ങി. എന്നിട്ടും എല്ലാ തിരിച്ചടികളെയും ക്ലോപ്പിന്റെ പട മറികടന്നു. നാലിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ക്ലോപ്പിന്റെ ടീം സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ സാഹയുടെ പാസിൽ നിന്ന് ടൗൺസെന്റ് നേടിയ ഗോളിൽ ക്രിസ്റ്റൽ പാലസ് മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ ആയിരുന്നു ലിവർപൂൾ ആഞ്ഞടിച്ചത്. ആദ്യ ഈജിപ്ഷ്യൻ മജീഷ്യൻ സലായുടെ ഗോളിലൂടെ സമനില പിടിച്ചു. അധികം താമസിയാതെ ഫെർമീനോയിലൂടെ 2-1ന് മുന്നിലും എത്തി. ലിവർപൂളിന് പക്ഷെ ആ ലീഡിൽ നിൽക്കാൻ കഴിഞ്ഞില്ല.
65ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ടോംകിൻസിന് ഒരു ഫ്രീഹെഡർ കിട്ടി. അലിസന്റെ വലയിൽ ഗോളും വീണു. സ്കോർ 2-2. വീണ്ടും തുടരെ ആക്രമണങ്ങൾ നടത്തിയ ലിവർപൂളിന് ഭാഗ്യമായി 75ആം മിനുട്ടിൽ ഒരു ഗോൾ കീപ്പർ അബദ്ധം വന്നെത്തി. പാലസിന്റെ കീപ്പർക്ക് പിഴച്ചത് മുതലെടുത്ത് സലാ ലിവർപൂളിന് ലീഡ് തിരികെ കൊടുത്തു. 3-2.
പിന്നീടായിരുന്നു ചുവപ്പ് കാർഡ്. ലിവർപൂൾ ക്യാപ്റ്റൻ മിൽനർ രണ്ടാം മഞ്ഞ വാങ്ങി കളം വിട്ടു. 10 പേരുമായി കളിച്ച ലിവർപൂൾ മാനെയുടെ ഗോളിൽ 4-2 എന്ന നിലയിൽ എത്തി. ഇഞ്ച്വറി ടൈമിൽ മെയറിലൂടെ 4-3 എന്ന് സ്കോർ ആക്കാൻ പാലസിനായെങ്കിലും ലിവർപൂൾ ജയം തടയാൻ അവർക്കായില്ല. ലീഗിൽ 60 പോയന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.