മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ നടന്ന ലീഗിലെ നിർണായക പോരാട്ടത്തിൽ സമനില. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.ഇന്ന് ആൻഫീൽഡിൽ ആവേശ പോരാട്ടം തന്നെയാണ് കണ്ടത്. ഗോളുകൾ അധികം വന്നില്ല എങ്കിലും ഇരുടീമുകളും വിജയത്തിനായി തന്നെ കളിച്ചു.
ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഗോൾ വന്നത്. ഡി ബ്രുയിനെ എടുത്ത ഒരു ക്ലവർ ഫ്രീകിക്ക് സ്റ്റോൺസ് ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന്റെ ബലത്തിൽ ആദ്യ പകുതി 1-0 എന്ന നിലയിൽ സിറ്റി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ ലിവർപൂൾ സമനില ഗോൾ കണ്ടെത്തി. സിറ്റി ഡിഫൻസിന്റെ ഒരു അബദ്ധം കാരണം എഡേഴ്സണ് ഡാർവിൻ നൂനിയസിനെ വീഴ്ത്തേണ്ടി വന്നു. തുടർന്ന് കിട്ടിയ പെനാൾട്ടി മകാലിസ്റ്റർ ലക്ഷ്യത്തിൽ എത്തിച്ച് കളി 1-1 എന്നാക്കി.
ഇതിനു ശേഷം രണ്ട് ടീമുകൾക്കും ഏറെ അവസരങ്ങൾ ലഭിച്ചു. സിറ്റിയുടെ ഫോഡന്റെയും ഡോകുവിന്റെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. ലിവർപൂൾ ആണ് രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ഒരു അറ്റാക്കിംഗ് നീക്കത്തിനും ഫൈനൽ ടച്ച് നൽകാൻ ക്ലോപ്പിന്റെ ടീമിന് ആയില്ല.
ഈ സമനില ആഴ്സണലിന് ഗുണം ചെയ്യും. അവർ 64 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുന്നു. 64 പോയിന്റുള്ള ലിവർപൂൾ രണ്ടാമതും നിൽക്കുന്നു. 63 പോയിന്റുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്.