കാണികൾ ഇല്ലാത്തത് ലിവർപൂളിന്റെ മോശം ഫോമിന് കാരണമായെന്ന് ക്ലോപ്പ്

Staff Reporter

ആൻഫീൽഡിൽ കാണികൾ ഇല്ലാത്തത് ലിവർപൂളിന്റെ മോശം ഫോമിന് കാരണമായെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഹോം ഗ്രൗണ്ടിൽ കാണികൾ ഇല്ലാതെ കളിച്ചത് ലിവർപൂളിനെ മോശമായി ബാധിച്ചെന്നും ക്ലോപ്പ് പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ 6 മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് ആസ്റ്റൺ വില്ലയെ ആൻഫീൽഡിൽ നേരിടാനിരിക്കെയാണ് ക്ലോപ്പിന്റെ പ്രതികരണം.

ആൻഫീൽഡിൽ 68 പ്രീമിയർ ലീഗ് മത്സരങ്ങൾ തുടർച്ചയായി തോൽക്കാതിരുന്ന ലിവർപൂൾ ശേഷം തുടർച്ചയായി 6 മത്സരങ്ങൾ ആൻഫീൽഡിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ കാണികൾ ഇല്ലാത്തത് മാത്രം അല്ല ചില മത്സരങ്ങളിൽ കാരണമെന്നും ചില മത്സരങ്ങളിൽ ലിവർപൂൾ മികച്ച രീതിയിൽ കളിച്ചില്ലെന്നും ക്ലോപ്പ് പറഞ്ഞു. ചില മത്സരങ്ങൾ തോറ്റ സമയത്ത് കാണികൾ ഉണ്ടായിരുന്നെങ്കിൽ ഈ മത്സരങ്ങൾ ജയിക്കാമായിരുന്നെന്ന് തനിക്ക് തോന്നിയെന്നും ക്ലോപ്പ് പറഞ്ഞു.