പോരാട്ടങ്ങൾ ഏറെ കണ്ട ആൻഫീൽഡിന്റെ തട്ടകത്തിൽ മറ്റൊരു ഗംഭീര തിരിച്ചു വരവിൽ ജയം കുറിച്ച് ലിവർപൂൾ. അവസാന നിമിഷം വരെ പൊരുതിയ ഫുൾഹാമിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ മൂന്ന് പോയിന്റ് കരസ്ഥമാക്കി. ആർനോൾഡ്, എൻഡോ, മാക് ആലിസ്റ്റർ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായി രേഖപ്പെടുത്തി. ഇതോടെ താൽക്കാലികമായെങ്കിലും രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ക്ളോപ്പും സംഘവും.
ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ പിറന്ന ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. എതിർ തട്ടകത്തിൽ മുഴുവൻ ഊർജവും പുറത്തെടുത്ത് ഫുൾഹാം പൊരുതി. 20 ആം മിനിറ്റിൽ ട്രെന്റ് അലക്‌സാണ്ടർ ആർനോൾഡിന്റെ എണ്ണം പറഞ്ഞ ഫ്രീകിക്കിലൂടെയാണ് ലിവർപൂൾ ആദ്യം ലീഡ് എടുത്തത്. 25 വാര അകലെ നിന്നും താരം തൊടുത്ത ഷോട്ട് വലയിലേക്ക് പതിക്കുമ്പോൾ കീപ്പറും നിസ്സഹായനായി. പിന്നീട് ഇത് കീപ്പർ ലെനോയുടെ സെൽഫ് ഗോളായി രേഖപ്പെടുത്തി. വെറും അഞ്ചു മിനിറ്റിനു ശേഷം വിൽസണിലൂടെ ഫുൾഹാം സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിലൂടെ എത്തിയ മുന്നേറ്റം ആന്റോണി റോബിൻസൻ പോസിറ്റിന് മുന്നിലേക്കായി നൽകിയപ്പോൾ താരത്തിന്റെ ഷോട്ട് തടയാനുള്ള കീപ്പറുടെ ശ്രമം വിഫലമായി. പിന്നീട് ഫുൾഹാമീന് ആയിരുന്നു ചെറിയ മുൻതൂക്കം എങ്കിലും 39ആം മിനിറ്റിൽ ലിവർപൂൾ ലീഡ് തിരിച്ചു പിടിച്ചു. എതിർ താരത്തിന്റെ ക്ലിയറൻസ് കാലുകളിൽ ലഭിച്ച മാക് അലിസ്റ്റർ, ബോക്സിന് വാരകൾ അകലെ നിന്നും തൊടുത്ത ഒന്നാന്തരം ഒരു ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതി ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ഫുൾഹാം വീണ്ടും വല കുലുക്കി. കോർണറിലൂടെ എത്തിയ പന്ത് ടെറ്റെ വലയിൽ എത്തിക്കുകയായിരുന്നു. വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും മത്സരം ആവേശകരമായി തുടർന്നു. 60ആം മിനിറ്റിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ന്യൂനസിന്റെ ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 78ആം മിനിറ്റിൽ റെയ്ഡ് ഫുൾഹാമിനായി വല കുലുക്കി. കാർനെയുടെ ക്രോസിൽ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ച് ഹെഡർ ഉതിർക്കുകയായിരുന്നു താരം. എന്നാൽ ലിവർപൂളിന്റെ അതിഗഭീരമായ തിരിച്ചു വരവിനാണ് ആൻസ്ഫീൽഡ് പിന്നീട് സാക്ഷിയായത്. 85ആം മിനിറ്റിൽ പകരക്കാനായി എത്തിയ എൻഡോയുടെ ഒന്നാന്തരമൊരു ഷോട്ടിലൂടെ സമനില നേടിയ ആതിഥേയർ, വെറും രണ്ടു മിനിറ്റിനു ശേഷം ആർനോൾഡിലൂടെ വിജയ ഗോളും കണ്ടെത്തി. ബോക്സിനുള്ളിൽ നിന്നും താരത്തിന്റെ ഷോട്ട് ആൾക്കൂട്ടത്തിനിടയിലൂടെ വലയിൽ പതിച്ചു. പിന്നീട് മുഴുവൻ സമയം വരെ ഗോൾ വഴങ്ങാതെ കാത്ത ലിവർപൂൾ ഒടുവിൽ അവസാന ചിരി തങ്ങളുടേതാക്കി.