പ്രീമിയർ ലീഗിൽ ലിവർപൂൾ അപരാജിതരായി തന്നെ തുടരും. ആൻഫീൽഡിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചു വന്ന അവർ 2-1 നാണ് സ്പർസിനെ മറികടന്നത്. ജയത്തോടെ 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത് അവർ തുടരും. 12 പോയിന്റുള്ള സ്പർസ് പത്താം സ്ഥാനത്താണ്.
ആദ്യ പകുതിയിൽ ലിവർപൂൾ കളിയിൽ താളം കണ്ടെത്തും മുൻപ് തന്നെ സ്പർസ് മത്സരത്തിൽ ലീഡ് എടുത്തു. ഒന്നാം മിനുട്ടിൽ സോണിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും ഹാരി കെയ്ൻ പന്ത് തലകൊണ്ട് വലയിലേക്ക് തിരിച്ചിട്ടു. സ്കോർ 0-1. പക്ഷെ പിന്നീട് ലിവർപൂൾ താളം കണ്ടെത്തിയതോടെ സ്പർസ് പ്രതിരോധത്തിന് ജോലി കൂടി. തുടർച്ചയായി ലിവർപൂൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്പർസ് ഗോളി ഗാസനിഗയുടെ മികച്ച സേവുകൾ അവരുടെ രക്ഷക്കെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സോണിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ലിവർപൂളിന് ഭാഗ്യമായി. 52 ആം മിനുട്ടിൽ ലിവർപൂൾ കാത്തിരുന്ന സമനില ഗോൾ പിറന്നു. ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ ആണ് ഗോൾ നേടിയത്. പിന്നീടും ലിവർപൂളിന് നിരവധി അവസരങ്ങൾ ലഭിച്ചു. 75 ആം മിനുട്ടിൽ ലിവർപൂൾ രണ്ടാം ഗോൾ നേടി. മാനെയെ ഓറിയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സലായാണ് ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.