നാലാം സ്ഥാനം വിട്ടു കൊടുക്കാതെ ലെസ്റ്റർ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാത്തിരിപ്പ് നീളും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തിനായുള്ള പോരാട്ടം സീസൺ അവസാന ദിവസം വരെ നീളും. ഇന്ന് നിർണായക പോരാട്ടത്തിൽ ലെസ്റ്റർ സിറ്റി വിജയിച്ചതോടെ ഒരു മാച്ച് വീക്കിലേക്ക് കൂടെ നാലാം സ്ഥാനം അവർ സൂക്ഷിക്കും എന്ന് ഉറപ്പായി. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ലെസ്റ്റർ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്തിയ ഷെഫീൽഡ് യുണൈറ്റഡിന് ഇന്ന് കാണാൻ കഴിഞ്ഞില്ല‌. തുടക്കം മുതൽ ഒടുക്കം വരെ ലെസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് ഇന്ന് കണ്ടത്. മത്സരത്തിന്റെ 29ആം മിനുട്ടിൽ അയോസെ പെരെസ് ആണ് ലെസ്റ്ററിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ ഡിമറി ഗ്രേ രണ്ടാം ഗോൾ നേടി 3 പോയിന്റ് ഉറപ്പിക്കുകയും ചെയ്തു.

ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി 62 പോയന്റുമായി നാലാമത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 59 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മികച്ച ഗോൾ ഡിഫറൻസ് ഉള്ളതിനാൽ യുണൈറ്റഡ് ജയിച്ചാലും ലെസ്റ്റർ നാലാമത് തുടരും. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കി. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും നേർക്കുനേർ വരുന്നുണ്ട്. ഇന്നത്തെ പരാജയം ഷെഫീൽഡ് യുണൈറ്റഫിന്റെ യൂറോപ്പ യോഗ്യത പ്രതീക്ഷയ്ക്കും തിരിച്ചടിയാണ്. 54 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഷെഫീൽഡ് ഉള്ളത്.