ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിനെ 1-1 നു സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ലെസ്റ്റർ സ്വന്തം മൈതാനത്ത് ടോട്ടനത്തെ സമനിലയിൽ തളക്കുക ആയിരുന്നു. ടോട്ടനത്തിന്റെ വലിയ ആധിപത്യം പ്രത്യേകിച്ച് ആദ്യ പകുതിയിൽ കണ്ട മത്സരത്തിൽ പക്ഷെ ലെസ്റ്റർ വാർഡിയുടെ ഗോളിൽ സമനില കണ്ടെത്തുക ആയിരുന്നു. ആദ്യ പകുതിയിൽ ടോട്ടനത്തിനു ആയി അരങ്ങേറ്റം കുറിച്ച സൊളാങ്കയുടെ ശ്രമം എന്റിടി അവിശ്വസനീയം ആയ വിധം ആണ് രക്ഷിച്ചത്. തുടർന്ന് 29 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പെഡ്രോ പോരോ ടോട്ടനത്തിനു മുൻതൂക്കം സമ്മാനിച്ചു.
തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ പക്ഷെ മുതലാക്കാൻ അവർക്ക് ആയില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതിക്ക് വിരുദ്ധമായി ലെസ്റ്റർ സമനില ഗോൾ കണ്ടെത്തുന്നത് ആണ് കാണാൻ ആയത്. 57 മത്തെ മിനിറ്റിൽ അബ്ദുൽ ഫതാവയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ 37 കാരനായ ഇതിഹാസ താരം ജെയ്മി വാർഡി ലെസ്റ്ററിന് സമനില സമ്മാനിച്ചു. പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഇത് എട്ടാം ഗോൾ ആണ് വാർഡി നേടുന്നത്. അതിനു ശേഷം ടോട്ടനം താരം ബെന്റകോറിന് പരിക്കേറ്റു ബോധം മറഞ്ഞു വൈദ്യസഹായം വേണ്ടി വന്നത് എല്ലാവർക്കും ആശങ്ക നൽകി. എന്നാൽ താരത്തിനു ബോധം തെളിഞ്ഞത് ആശങ്ക അകറ്റുക ആയിരുന്നു. തുടർന്ന് സുന്ദരമായ ലെസ്റ്റർ സിറ്റി നീക്കത്തിന് ഒടുവിൽ വാർഡിയുടെ മികച്ച ശ്രമം തടഞ്ഞ വികാരിയോ അവസാന നിമിഷം എന്റിടി ഹെഡറും രക്ഷിച്ചു. വിജയഗോളിന് ആയുള്ള ടോട്ടനം ശ്രമങ്ങൾ ലെസ്റ്റർ പ്രതിരോധം തടഞ്ഞപ്പോൾ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.