ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ജയം കണ്ടത്തി ലെസ്റ്റർ സിറ്റി. പുതിയ പരിശീലകൻ ഡീൻ സ്മിത്തിന് കീഴിൽ ലെസ്റ്റർ സിറ്റി നേടുന്ന ആദ്യ ജയം ആണ് ഇത്. തുടർച്ചയായ രണ്ടു ജയങ്ങളും ആയി എത്തിയ വോൾവ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ സ്വന്തം മൈതാനത്ത് ലെസ്റ്റർ പിറകിൽ പോയി. മരിയ ലെമിനയുടെ പാസിൽ നിന്നു മാതിയസ് കുൻഹയാണ് വോൾവ്സിന് ആയി ഗോൾ നേടിയത്.
37 മത്തെ മിനിറ്റിൽ ജോസെ സാ ജെയ്മി വാർഡിയെ വീഴ്ത്തിയതിനു പെനാൽട്ടി ലഭിച്ചതോടെ ലെസ്റ്ററിന് മത്സരത്തിൽ തിരിച്ചു വരാൻ അവസരം ലഭിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട ഇഹനാച്ചോ ലെസ്റ്റർ സിറ്റിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മത്സരത്തിൽ പന്ത് കൈവശം വച്ചതിൽ വോൾവ്സ് ആധിപത്യം ഉണ്ടായെങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ലെസ്റ്റർ സിറ്റി ആയിരുന്നു. രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ വിക്ടർ ക്രിസ്റ്റിയൻസന്റെ പാസിൽ നിന്നു പ്രതിരോധതാരം തിമോത്തി കാസ്റ്റാഗ്നെ ലെസ്റ്ററിന് ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ വോൾവ്സിന് പെനാൽട്ടിക്ക് ആയി അപ്പീൽ ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചില്ല. ജയത്തോടെ ലെസ്റ്റർ സിറ്റി 17 സ്ഥാനത്തേക്ക് കയറിയപ്പോൾ വോൾവ്സ് 13 മത് തുടരുകയാണ്.