റോജേഴ്‌സ് പോയിട്ടും രക്ഷയില്ല! വീണ്ടും ലെസ്റ്റർ സിറ്റി തോറ്റു

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബോർൺമൗത്. കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ശേഷം പരിശീലകൻ ബ്രണ്ടൻ റോജേഴ്‌സിനെ പുറത്താക്കിയെങ്കിലും ഫലത്തിൽ മാറ്റം ഉണ്ടാക്കാൻ ലെസ്റ്റർ സിറ്റിക്ക് ആയില്ല. സ്വന്തം മൈതാനത്ത് ബോർൺമൗത്തിനു മുന്നിൽ രണ്ടാമത്തെ ടീം ആയിരുന്നു ലെസ്റ്റർ മത്സരത്തിൽ അധിക സമയവും.

നാൽപ്പതാം മിനിറ്റിൽ ജയിംസ് മാഡിസന്റെ അവിശ്വസനീയ അബദ്ധം ആണ് ലെസ്റ്ററിന് വിനയായത്. മാഡിസന്റെ ബാക് പാസ് പിടിച്ചെടുത്ത ഫിലിപ്പ് ബില്ലിങ് ബോർൺമൗത്തിനു നിർണായക ഗോൾ സമ്മാനിക്കുക ആയിരുന്നു. ഗോൾ വഴങ്ങിയ ശേഷവും അത്ര മികച്ച പ്രകടനം ലെസ്റ്റർ നടത്തിയില്ല. ജയത്തോടെ ബോർൺമൗത് 15 മത് എത്തിയപ്പോൾ ലെസ്റ്റർ 19 സ്ഥാനത്ത് തുടരുകയാണ്.