ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി വിജയ വഴിയിലേക്ക് തിരികെയെത്തി. വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം അവർ ഇന്നലെ ബ്രൈറ്റണെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ലെസ്റ്റർ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ചാണ് വിജയം സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ പത്താം മിനുട്ടിൽ ലല്ലാനയാണ് ബ്രൈറ്റന്റെ ആദ്യ ഗോൾ നേടിയത്. ലല്ലാനയുടെ ബ്രൈറ്റൺ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോളിന് മറുപടി പറയാൻ ലെസ്റ്ററിന് ആദ്യ പകുതിയിൽ ആയില്ല. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ഇഹെനാചൊ ലെസ്റ്ററിന് സമനില നൽകി. ഇഹെനാചൊ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോൾ നേടുന്നത്. 87ആം മിനുട്ടിൽ അമാർടിയിലൂടെ ലെസ്റ്റർ വിജയ ഗോളും നേടി. ഈ വിജയം ലെസ്റ്ററിനെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ മത്സരങ്ങളാണ് ഇനി വരാൻ ഉള്ളത് എന്നതു കൊണ്ട് രണ്ടാം സ്ഥാനം തങ്ങളുടേതാക്കി മാറ്റാൻ ആകും എന്ന് ലെസ്റ്റർ പ്രതീക്ഷിക്കുന്നു.