ലീഡ്സ് യുണൈറ്റഡിന്റെ രണ്ടാം പ്രീമിയർ ലീഗ് മത്സരവും ത്രില്ലറായി മാറി. ആദ്യ മത്സരത്തിൽ 3-4 എന്ന സ്കോറിന് ലിവർപൂളിനോട് പരാജയപ്പെട്ട ലീഡ്സ് യുണൈറ്റഡ് ഇന്ന് 4-3ന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് ഫുൾഹാമിനെ നേരിട്ട ലീഡ്സ് യുണൈറ്റഡ് ഒരു ഘട്ടത്തിൽ 4-1 എന്ന സ്കോറിന് മുന്നിൽ ആയിരുന്നു. അവിടെ നിന്നാണ് ഫുൾഹാം പൊരുതി കയറി 4-3 എന്ന സ്കോറിലേക്ക് എത്തിയത്.
ആദ്യ 57 മിനുട്ടുകളിൽ ആയിരുന്നു ലീഡ്സ് അവരുടെ ഹോം ഗ്രൗണ്ടിൽ ആഞ്ഞടിച്ചത്. അഞ്ചാം മിനുട്ടിൽ ഹെൽദർ കോസ്റ്റയിലൂടെ ലീഡ്സ് ലീഡ് എടുത്തു. പക്ഷെ 34ആം മിനുട്ടിലെ പെനാൾട്ടിയിലൂടെ മിട്രോവിച് ഫുൾഹാമിന് സമനില നൽകി. അതു കഴിഞ്ഞ് 41ആം മിനുട്ടിൽ ക്ലിക്ക്, 50ആം മിനുട്ടിൽ ബാംഫോർഡ്, 57ആം മിനുട്ടിൽ വീണ്ടും കോസ്റ്റ എന്നിവർ ലീഡ്സിനായി വലകുലുക്കി. ഇതോടെ അവർ 4-1ന് മുന്നിൽ എത്തി.
പിന്നാലെ ഫുൾഹാം തിരിച്ചടിക്കാൻ തുടങ്ങി. 62ആം മിനുട്ടിൽ റീഡും, 67ആം മിനുട്ടിൽ മിട്രോവിചും വല കുലുക്കിയതോടെ സ്കോർ 4-3 എന്നായി. എന്നാൽ പിന്നീട് കരുതലോടെ കളിച്ച ലീഡ്സിന് 3 പോയിന്റ് സ്വന്തമാക്കാനായി.