സാക്ഷാൽ ജോസ് മൗറീഞ്ഞോക്ക് എതിരെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഫ്രാങ്ക് ലംപാർഡ്. മൗറീഞ്ഞോയെ ഒരു സീസണിൽ ലീഗ് മത്സരങ്ങളിൽ 2 തവണ തോൽപ്പിക്കുന്ന ആദ്യ പരിശീലകൻ എന്ന റെക്കോർഡ് ആണ് ലംപാർഡ് ഇന്ന് സ്വന്തമാക്കിയത്. മൗറീഞ്ഞോയുടെ പ്രിയ ശിഷ്യന്മാരിൽ ഒരാളാണ് ലംപാർഡ് എന്നതും ഈ നേട്ടത്തിൽ കൗതുകമായി.
മൗറീഞ്ഞോ സ്പർസ് പരിശീലകനായി ചുമതല ഏറ്റെടുത്ത് ഏറെ വൈകാതെയാണ് ലംപാർഡ് ആദ്യം ഈ സീസണിൽ സ്പർസിനെ നേരിട്ടത്. ഡിസംബർ 22 ന് നടന്ന ആ മത്സരത്തിൽ സ്പർസിന്റെ മൈതാനത്ത് അന്ന് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ചെൽസി ജയിച്ചത്. വില്ലിയൻ ആണ് 2 ഗോളുകളും നേടിയത്. ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ലംപാർഡ് ജയിച്ചത് 2-1 ന്. ജിറൂദ്, ആലോൻസോ എന്നിവരാണ് ഗോളുകൾ നേടിയത്. ഫെർഗൂസൻ, ഗർഡിയോള, ബെനീറ്റസ്, ക്ളോപ്പ് അടക്കമുള്ള അതികായക്കന്മാർക്ക് സാധിക്കാത്ത നേട്ടമാണ് ലീഗിലെ ആദ്യ സീസണിൽ തന്നെ ലംപാർഡ് സ്വന്തമാക്കിയത്.