ചെൽസിയുടെ പരിശീലകനാവാൻ ഫ്രാങ്ക് ലംപാർഡിന് ഇതിലും മികച്ച സമയം വേറെ ഉണ്ടാവില്ലെന്ന് മുൻ ചെൽസി താരവും 14 വർഷത്തോളം ചെൽസിയിൽ ലാംപാർഡിന്റെ സഹ താരവുമായിരുന്ന ജോൺ ടെറി. കഴിഞ്ഞ ദിവസമാണ് ലാംപാർഡിന്റെ ക്ലബായ ഡെർബി കൗണ്ടി ചെൽസിയുമായി സംസാരിക്കാൻ മുൻ ചെൽസി താരത്തിന് അനുമതി നൽകിയത്. ഇതോടെ ഒരു സീസൺ മാത്രം ചെൽസിയെ പരിശീലിപ്പിച്ച് ടീം വിട്ട മൗറിസിയോ സരിക്ക് പകരക്കാരനായി ലാംപാർഡ് തന്നെ വരുമെന്നാണ് കരുതപ്പെടുന്നത്.
ഡെർബി കൗണ്ടി ലാംപാർഡിന് കീഴിൽ നടത്തിയ പ്രകടനവും ചെൽസിക്ക് ഫിഫ വിധിച്ച ട്രാൻസ്ഫർ വിലക്കും ചെൽസി പരിശീലകനാവാൻ ലാംപാർഡിന്റെ മികച്ച സമയം ഇതാക്കി മാറ്റുന്നു എന്നും ടെറി പറഞ്ഞു. ഒരു കളിക്കാരനായി വെസ്റ്റ്ഹാമിൽ നിന്ന് സമ്മർദ്ദ ഘട്ടത്തിൽ ചെൽസിയിൽ എത്തിയിട്ടും ഒരിക്കലും ഒളിഞ്ഞിരിക്കാതെ ചെൽസിയുടെ എക്കാലത്തെയും മികച്ച താരമായി ലാംപാർഡ് മാറിയെന്നും ടെറി പറഞ്ഞു.
ലാംപാർഡ് ചെൽസി പരിശീലകനാവുന്നതിൽ ആരാധകർക്ക് ഭയം ഇല്ലെന്നും ആരാധകർ ലാംപാർഡിനെ ഇഷ്ട്ടപെടുന്നുണ്ടെന്നും ടെറി പറഞ്ഞു. ലാംപാർഡ് ചെൽസി ഇതിഹാസം ആണെന്നും ഇതാണ് ചെൽസിയിലേക്ക് തിരിച്ച് വരാനുള്ള ശരിയായ സമയമെന്നും ടെറി കൂട്ടിച്ചേർത്തു.