ചെൽസിയുടെ കഷ്ടകാലം തുടരുന്നു. പരിശീലകനായൊ ലമ്പാർഡ് തിരികെയെത്തിയതിനു ശേഷമുള്ള മൂന്നാം മത്സരത്തിലും ചെൽസി പരാജയപ്പെട്ടു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റണെ നേരിട്ട ചെൽസി 2-1ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 2 ഗോളിൽ നിന്നത് ചെൽസിയുടെ ഭാഗ്യം മാത്രമായിരുന്നു. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ 24 ഷോട്ടുകൾ ആണ് ബ്രൈറ്റൺ തൊടുത്തത്.
ഇന്ന് മത്സരത്തിന്റെ തുടക്കം മുതൽ ഡി സെർബിയുടെ ടീമായിരുന്നു ആധിപത്യം പുലർത്തിയത്. തുടക്കത്തിൽ തന്നെ യുവതാരം ഫെർഗൂസന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ബ്രൈറ്റണ് തിരിച്ചടിയായി. കളിയിൽ ബ്രൈറ്റന്റെ തുടർ ആക്രമണങ്ങൾ നടക്കുന്ന സമയത്ത് കളിയുടെ ഗതിക്ക് വിപരീതമായി 13ആം മിനുട്ടിൽ ചെൽസി മുന്നിൽ എത്തി. ഗാലഗറിന്റെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനോടെ ഗോളാവുക ആയിരുന്നു.
ഗോൾ നേടിയിട്ടും ചെൽസിയുടെ കളി മെച്ചപ്പെട്ടില്ല. അവർ പൂർണ്ണമായി പ്രതിരോധത്തിൽ ആയിരുന്നു. 43ആം മിനുട്ടിൽ പാസ്കൽ ഗ്രോസ് നൽകിയ ഒരു ഇടം കാലൻ ക്രോസിന് തലവെച്ച് വെൽബെക്ക് ബ്രൈറ്റൺ അർഹിച്ച സമനില നേടി കൊടുത്തു. രണ്ടാം പകുതിയിലും ബ്രൈറ്റൺ അറ്റാക്ക് തുടർന്നു.
അവസാനം 70ആം മിനുട്ടിൽ ജൂലിയോ എൻസിസോ നേടിയ ഒരു ലോങ് റേഞ്ചർ ബ്രൈറ്റണെ ലീഡിൽ എത്തിച്ചു. ഈ സീസൺ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്. ഈ ഗോളിന് ശേഷവും കളി ബ്രൈറ്റൺ തന്നെ നിയന്ത്രിച്ചു. 9 ഷോട്ട് ടാർഗറ്റിലേക്ക് മാത്രം തൊടുക്കാൻ ബ്രൈറ്റണായി. ചെൽസിക്ക് ആകെ രണ്ട് ഷോട്ടെ ടാർഗറ്റിലേക്ക് തൊടുക്കാൻ ഈ കളിയിൽ ആയുള്ളൂ.
ഈ വിജയത്തോടെ ബ്രൈറ്റൺ 49 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. 39 പോയിന്റ് മാത്രമുള്ള ചെൽസി 11ആം സ്ഥാനത്താണ്. അവസാന ആറു മത്സരങ്ങളിൽ ഒരു കളി പോലും ചെൽസി ജയിച്ചിട്ടില്ല.