ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഫുൾഹാമിനെ 3-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. മധ്യനിര താരം മറ്റെയോ കോവിച്ചിച്ചിൻ്റെ ഇരട്ടഗോളിൻ്റെ പിൻബലത്തിൽ ആയിരുന്നു വിജയം. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ പിന്നിലായെങ്കിലും, പ്രീമിയർ ലീഗിലെ തോൽവിയറിയാതെയുള്ള കുതിപ്പ് നിലനിർത്താൻ സിറ്റിക്ക് ആയി.
ഫുൾഹാം 26-ാം മിനിറ്റിൽ ലീഡ് നേടി ഹോം കാണികളെ അമ്പരപ്പിച്ചു. ആൻഡ്രിയാസ് പെരേരയെ ഒരു ബാക്ക്-ഹീൽ പാസിലൂടെ റൗൾ ഹിമെനെസ് കണ്ടെത്തി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ശാന്തമായി എഡേഴ്സനെ ക്ലോസ് റേഞ്ചിൽ നിന്ന് മറികടന്ന്, ഫുൾഹാമിന് 1-0ന്റെ അമ്പരപ്പിക്കുന്ന ലീഡ് നൽകി.
അതിവേഗം പ്രതികരിച്ച സിറ്റി വെറും ആറു മിനിറ്റിനുള്ളിൽ സമനില പിടിച്ചു. ഫുൾഹാം ഒരു കോർണർ ക്ലിയർ ചെയ്യാൻ പാടുപെട്ടപ്പോൾ, അയഞ്ഞ പന്ത് മറ്റെയോ കോവിച്ചിക്കിൻ്റെ മുന്നിലേക്ക് വീണു, അദ്ദേഹം ബേൺഡ് ലെനോയെ മറികടന്ന് ഷോട്ടുതിർത്തു. സിറ്റി 1-1 ന് ഒപ്പമെത്തി.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി പൂർണ്ണമായും അറ്റാക്ക് ചെയ്താണ് ആരംഭിച്ചത്, അവർക്ക് ലീഡ് നേടാൻ അധിക സമയം വേണ്ടി വന്നില്ല. 47-ാം മിനിറ്റിൽ, ബെർണാഡോ സിൽവ, കോവിച്ചിചിന് ഒരു കൃത്യമായ പാസ് നൽകി, പന്ത് താഴെ ഇടത് മൂലയിലേക്ക് നിറയൊഴിച്ച് കൊവാചിച് സിറ്റിക്ക് ലീഡ് നൽകി.
82ആം മിനുട്ടിൽ ഡോകു കൂടെ ഗോൾ നേടിയതോടെ സിറ്റി ജയം പൂർത്തിയാക്കി. അവസാനം മുനിസ് ഫുൾഹാമിനായി ഒരു ഗോൾ കൂടെ മടക്കിയത് സിറ്റിക്ക് ആശങ്ക നൽകിയെങ്കിലും 3 പോയിന്റ് സ്വന്തമാക്കാൻ അവർക്കായി. ഈ വിജയത്തോടെ 17 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ഫുൾഹാം ആറാം സ്ഥാനത്തും നിൽക്കുന്നു.