ഫ്രാങ്ക് ലംപാർഡിന്റെ ചെൽസി തന്റെ പഴയ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഓർമിപ്പിക്കുന്നു എന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. ഞാഴാറാഴ്ച ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നേരിടുന്നതിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ളോപ്പ് ചെൽസിക്ക് പ്രശംസ ചൊരിഞ്ഞത്.
ചെൽസിയുടെ ലോൺ പോളിസിയും സമീപകാലത്തെ സൈനിങ്ങുകളും ഏറെ മെച്ചപ്പെട്ടവ ആണെന്ന് ക്ളോപ്പ് അഭിപ്രായപ്പെട്ടു. ലോകത്ത് ട്രാൻസ്ഫർ ബാൻ നേരിടാൻ സുസജ്ജമായ ഏക ടീമാണ് ചെൽസി എന്നാണ് മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകനായ ക്ളോപ്പിന്റെ അഭിപ്രായം. ഡോർട്ട്മുണ്ടിൽ നിന്ന് എത്തിയ പുലിസിക് പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്ന പ്രതീക്ഷയും ലിവർപൂൾ പരിശീലകൻ പങ്കുവച്ചു.
‘ ടാമി അബ്രഹാം ഇപ്പോൾ ഒരു 60 മില്യൺ മൂല്യമുള്ള കളിക്കാരനാണ്, മൗണ്ടും ഓഡോയിയും ഇത്ര തന്നെ മൂല്യമുള്ളവരാണ്’ എന്നാണ് ചെൽസി ടീമിനെ കുറിച്ചുള്ള ക്ളോപ്പിന്റെ വിലയിരുത്തൽ. ചെൽസി മധ്യനിര താരം കാന്റെയെയും ക്ളോപ്പ് അടുത്ത 20 വർഷമെങ്കിലും കളിക്കാൻ കായികക്ഷമത ഉള്ള കളിക്കാരൻ എന്നാണ് വിലയിരുത്തിയത്.