മുഹമ്മദ് സലായുടെ ഫോമിൽ തനിക്ക് ആശങ്കയൊന്നും ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. കഴിഞ്ഞ 3 മത്സരങ്ങളിലും ഗോൾ നേടാനാവാതെ വിഷമിച്ച താരത്തിന് പിന്തുണയുമായി പരിശീലകൻ.
ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ക്ക് എതിരെ ലിവർപൂൾ ജയിച്ചെങ്കിലും സലാക്ക് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. കൂടാതെ എംബപ്പേയുടെ ഗോളിന് വഴി ഒരുക്കിയ പിഴവും താരത്തിന്റേതായിരുന്നു. ഇതോടെയാണ് സലായുടെ ഫോമിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
കഴിഞ്ഞ സീസണിൽ സലായുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ സലായുടെ അടുത്ത് നിന്ന് മികച്ചത് പ്രതീക്ഷിക്കുന്നത് സ്വാഭാവികം ആണെങ്കിലും താൻ ആശങ്കപ്പെടുന്നില്ലെന്നു ക്ളോപ്പ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ആദ്യത്തെ 6 കളികളിൽ നിന്ന് 3 ഗോൾ നേടിയ താരം ഈ സീസണിൽ 6 കളികളിൽ നിന്ന് 2 ഗോളുകൾ നേടിയിട്ടുണ്ടെന്നും അത് പ്രതിസന്ധിയല്ലെന്നുമാണ് ക്ളോപ്പിന്റെ പക്ഷം.
സലായുടെ ഫോമിൽ ഇടിവ് ഉണ്ടായെങ്കിലും മാനേയും ഫിർമിനോയും ഗോൾ കണ്ടെത്തുന്നത് ക്ളോപ്പിന് ആശ്വാസമാകും. ഡാനിയേൽ സ്റ്ററിഡ്ജും താളം കണ്ടെത്തിയിട്ടുണ്ട് എന്നതും ലിവർപൂളിന് കരുത്താകും.