ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ആദ്യ തോൽവി. സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ലിവർപൂളിനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ചുവപ്പ് കാർഡും രണ്ടാം പകുതിയിൽ പെനൽറ്റിയും നഷ്ടപ്പെടുത്തിയ ചെൽസിക്ക് മത്സരത്തിൽ ഒരിക്കൽ പോലും ലിവർപൂളിന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
ചെൽസി നിരയിലേക്ക് കോവാച്ചിച് മടങ്ങി വന്നപ്പോൾ ലിവർപൂൾ നിരയിൽ ഫാബിഞ്ഞോ സെന്റർ ബാക്ക് റോളിലാണ് കളിച്ചത്. ഇരു ടീമുകളും പതുക്കെ തുടങ്ങിയ ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമിനും സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കാൻ ഇരിക്കെ മാനെയെ ഫൗൾ ചെയ്തതിന് ഡിഫൻഡർ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് വൻ തിരിച്ചടിയായി.
രണ്ടാം പകുതിയിൽ ഹാവേർട്സിന്റെ പകരം ടിമോറിയെ ഇറക്കി ആണ് ചെൽസി ഇറങ്ങിയത്. ലിവർപൂൾ ഹെൻഡേഴ്സനെ പിൻവലിച്ചു തിയാഗോയെയും ഇറക്കി. കളി 50 മിനുട്ട് പിന്നിട്ടപ്പോൾ മാനെയിലൂടെ ലിവർപൂൾ ലീഡ് നേടി. ഏറെ വൈകാതെ 54 ആം മിനുട്ടിൽ കെപ്പയുടെ വൻ പിഴവ് മുതലാക്കി മാനെ വീണ്ടും ചെൽസി വല കുലുക്കിയതോടെ ചെൽസിയുടെ നേരിയ പ്രതീക്ഷ പോലും അസ്തമിച്ചു. പിന്നീട് തിയാഗോ വെർണറിനെ വീഴ്ത്തിയതിന് ചെൽസിക്ക് പെനാൽറ്റി ലഭിച്ചെങ്കിലും ജോർജിഞ്ഞോയുടെ പെനാൽറ്റി അലിസൻ തടുത്തു. പിന്നീട് അബ്രഹാം , ബാർക്ലി എന്നിവരെ ചെൽസി ഇറകിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.