ജാപ്പനീസ് സൂപ്പർ താരം കാരു മിറ്റോമ ബ്രൈറ്റണിൽ പുതിയ കരാർ ഒപ്പിട്ടു. നാല് വർഷത്തേക്കാണ് പുതിയ കരാർ. ഇതോടെ 2027 ഓടെ താരത്തെ ടീമിൽ നിലനിർത്താൻ ക്ലബ്ബിനാവും. കരാറിൽ റിലീസ് ക്ലോസ് ഒന്നും ഉള്ളതായി സൂചനയില്ല. നേരത്തെ 2021ൽ ടീമിൽ എത്തിയ താരത്തിന്റെ നിലവിലെ കരാർ 2025ഓടെ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. പുതിയ കരാർ ട്രാൻസ്ഫർ മാർക്കറ്റിലും ബ്രൈറ്റണിന് നേട്ടമാകും. ടീമിന്റെ അടുത്ത റെക്കോർഡ് ട്രാൻസ്ഫർ ആയി ചൂണ്ടിക്കാണിക്കുന്ന താരമാണ് മിറ്റോമ.
മിറ്റോമ ടീമിൽ തുടരുന്നത് ക്ലബ്ബിനെ സംബന്ധിച്ച് മികച്ച നേട്ടമാണെന്ന് ഡി സെർബി പ്രതികരിച്ചു. നിലവിലെ സീസണിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുമായി മിന്നുന്ന ഫോമിൽ തന്നെയാണ് മിറ്റോമ. കഴിഞ്ഞ സീസണിൽ ബ്രൈറ്റൺ യൂറോപ്പിലേക്ക് യോഗ്യത നേടി ചരിത്രം കുറിച്ചപ്പോൾ ഏഴ് ഗോളും ആറു അസിസ്റ്റുമായി ടീമിലെ സുപ്രധാന താരമായിരുന്നു ജാപ്പനീസ് വിങർ. താരം ദീർഘകാലം ക്ലബ്ബിൽ ഉണ്ടാവുമെന്നത് നല്ല വാർത്ത ആണെന്ന് ബ്രൈറ്റൺ ടെക്നിക്കൽ ഡയറക്ടർ ഡേവിഡ് വേയ്ർ പ്രതികരിച്ചു. മിറ്റോമയുടെ വളർച്ച ക്ലബ്ബിന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള മേഖലകളുടെ കഴിവാണ് വെളിപ്പെടുത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Download the Fanport app now!