ചെൽസിയുടെ മധ്യനിര താരം കാന്റെയെ കുറിച്ച് ആശങ്ക വേണ്ട എന്ന് പരിശീലകൻ ലാമ്പാർഡ് പറഞ്ഞു. ചെൽസിക്ക് ഒപ്പം പ്രീസീസണിൽ ഉണ്ടായിരുന്ന കാന്റെ പരിക്ക് കാരണം തിരികെ ലണ്ടണിലേക്ക് പോയിരുന്നു. എന്നാൽ കാന്റെ സീസൺ തുടങ്ങുമ്പോഴേക്ക് പൂർണ്ണ ആരോഗ്യത്തിൽ എത്തുമെന്ന് ലമ്പാർഡ് പറഞ്ഞു. ലമ്പാർഡ് ചുമതലയേറ്റ ശേഷം ഇതുവരെ കാന്റെ കളത്തിൽ ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ സീസണിൽ ചെൽസിയുടെ അവസാന മത്സരത്തിൽ ആഴ്സണലിനെ നേരിടുമ്പോൾ ആയിരുന്നു കാന്റെയ്ക്ക് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്കാണ് താരത്തെ ശല്യപ്പെടുത്തുന്നത്. കൂടുതൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാകും എന്നതിനാലാണ് ലമ്പാർഡ് കാന്റെയെ തിരികെ ചെൽസിയുടെ ട്രെയിനിങ് സെന്ററിലേക്ക് അയച്ചത്. പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ആദ്യ മത്സരത്തിന് മുമ്പ് കാന്റെ തിരികെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.