ഹാരി കെയ്ൻ ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികവിലേക്ക് ഉയർന്ന മത്സരത്തിൽ ടോട്ടൻഹാമിന് ഗംഭീര വിജയം. ഇന്ന് തങ്ങളുടെ സ്റ്റേഡിയത്തിൽ നടന്ന പോരിൽ ലെസ്റ്റർ സിറ്റിയെ ആണ് ടോട്ടൻഹാം തകർത്തത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിനെ കണ്ണീരിലാഴ്ത്തിയത്.
കൗണ്ടർ അറ്റാക്കിംഗ് ടാക്ടിക്സ് ആയിരുന്നു ഇന്ന് മൗറീനോ പയറ്റിയത്. ആറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെയാണ് സ്പർസ് മുന്നിൽ എത്തിയത്. സമനില ഗോളിനായി ലെസ്റ്റർ ശ്രമിക്കുന്നതിനിടയിൽ 37ആം മിനുട്ടിൽ ഒരു മനോഹര കൗണ്ടർ അറ്റാക്കിലൂടെ തന്നെ സ്പർസ് രണ്ടാം ഗോൾ നേടി. കെയ്ൻ ആയിരുന്നു ഗോൾ നേടിയത്.
ആ കൗണ്ടർ അറ്റാക്ക് ഷോക്കിൽ ലെസ്റ്റർ നിൽക്കെ മൂന്നാം ഗോളും സ്പർസിൽ നിന്ന് വന്നു. 40ആം മിനുട്ടിൽ പിറന്ന ഗോൾ തീർത്തും ഹാരി കെയ്നിന്റെ മികവായിരുന്നു. താരം ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളായിരിക്കും ഇത്. ഈ വിജയം സ്പർസിന് യൂറോപ്പ ലീഗ് പ്രതീക്ഷകൾ നൽകും. 58 പോയന്റുമായി ലെസ്റ്റർ ഇപ്പോൾ ആറാം സ്ഥാനത്ത് എത്തി. 56 പോയന്റുള്ള വോൾവ്സ് ഒരു മത്സരം കുറവാണ് കളിച്ചത്.
ഈ പരാജയം ലെസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന പരിശ്രമത്തിന് തിരിച്ചടിയുമാണ്. ലെസ്റ്റർ 62 പോയന്റുമായി ഇപ്പോഴും നാലാമത് നിൽക്കുന്നുണ്ട് എങ്കിലും അഞ്ചാമതുള്ള ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനും 62 പോയന്റ് തന്നെയാണ്. ഇരു ടീമുകളുടെയും ഗോൾ ഡിഫറൻസും തുല്യമാണ്. ഇപ്പോൾ കൂടുതൽ ഗോളുകൾ അടിച്ചു എന്നതിനാലാണ് ലെസ്റ്റർ യുണൈറ്റഡിന് മുന്നിൽ നിൽക്കുന്നത്. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പോയന്റ് എങ്കിലും നേടിയാൽ അവർ നാലാം സ്ഥാനത്ത് എത്തും. സീസണിൽ അവസാന മത്സരത്തിൽ ലെസ്റ്ററും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരും എന്നതും കാര്യങ്ങൾ ആവേശകരമാക്കും.