ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. മോശം ഫോമിനെ തുടർന്ന് ചെൽസി നിരയിൽ റുഡിഗെറിന് അവസരങ്ങൾ കുറഞ്ഞതിന് പിന്നാലെയാണ് ചെൽസിയുടെ ലണ്ടൻ എതിരാളികൾ താരത്തെ സ്വന്തമാക്കാൻ രംഗത്തെത്തിയത്. പി.എസ്.ജിയിൽ നിന്ന് ബ്രസീലിയൻ താരം തിയാഗോ സിൽവ വന്നതോടെ ചെൽസിയിൽ റുഡിഗറിന് അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു.
കൂടാതെ ഈ സീസണിൽ ചെൽസി കളിച്ച മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും റുഡിഗെറിന് അവസരം ലഭിച്ചിരുന്നില്ല. തിയാഗോ സിൽവയുടെ കൂടെ ആന്ദ്രെസ് ക്രിസ്റ്റൻസൺ, ഫികയോ ടോമോറി, സൂമ എന്നിവരെയാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ് പരീക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന മറ്റൊരു ടീമിലേക്ക് റുഡിഗെർ മാറാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ അടുത്ത വർഷത്തെ യൂറോ കപ്പിനുള്ള ജർമൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ റുഡിഗെറിന് സ്ഥിരമായി കളിക്കുകയും വേണം. ടോട്ടൻഹാം ടീമിൽ എത്തിക്കാൻ ഉദ്ദേശിച്ച ഇന്റർ മിലാൻ പ്രതിരോധ താരം മിലൻ സ്‌ക്രിനിയറിനെ സ്വന്തമാക്കാൻ വലിയ തുക ചിലവാക്കേണ്ടിവരുമെന്നതും റുഡിഗെറിനെ സ്വന്തമാക്കാൻ ടോട്ടൻഹാമിനെ പ്രേരിപ്പിക്കുന്നുണ്ട്.