രാജ്യാന്തര ഫുട്‌ബോളിന്റെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ് ഇന്ന് വീണ്ടും തുടങ്ങുമ്പോൾ ആദ്യ മത്സരം ക്ലാസിക് പോരാട്ടം. പ്രീമിയർ ലീഗിൽ തോൽവി അറിയാതെ കുതിക്കുന്ന ചെൽസിയും ഫോമില്ലാതെ കിതകുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് കിക്കോഫ്.
മുൻ ചെൽസി പരിശീലകനായ ജോസ് മൗറീഞ്ഞോ യുനൈറ്റഡ് പരിശീലക വേഷത്തിൽ ഇത് നാലാം താവണയാണ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നത്. മുൻപ് 3 തവണയും തോൽവി അറിഞ്ഞ മൗറീഞ്ഞോ ആ റെക്കോർഡ് തിരുത്താനാവും ശ്രമിക്കുക. 2012 ന് ശേഷം യുണൈറ്റഡ് ഒരിക്കൽ പോലും ചെൽസിയുടെ മൈതാനത്ത് ജയിച്ചിട്ടില്ല. സാറിയുടെ കീഴിൽ മികച്ച തുടക്കം നേടി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിയെ വീഴ്ത്തുക അവർക്ക് എളുപമാകില്ല. പ്രത്യേകിച്ചും ഈഡൻ ഹസാർഡിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഫോമിൽ കാര്യങ്ങൾ അവർക്ക് ദുഷ്കരമാകും.
ചെൽസി നിരയിൽ പരിക്കേറ്റ ഏദൻ അമ്പാടുവിന് കളിക്കാനാവില്ല. പക്ഷെ പരിക്ക് മാറി അന്റോണിയോ റൂഡിഗർ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. ബാർക്ലിക്ക് നേരിയ പരിക്കുണ്ട്. ഇതോടെ ആദ്യ ഇലവനിൽ കൊവാസിച് ആകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മൊരാട്ട ഗോൾ അടിച്ചെങ്കിലും ആദ്യ ഇലവനിൽ ജിറൂദ് കളിക്കാനാണ് സാധ്യത.
യൂണൈറ്റഡ് നിരയിൽ ലിംഗാർഡ് പരിക്ക് കാരണം കളിക്കില്ല. ലൂക്ക് ഷോ, ഹെരേര, മാറ്റിക്ക് എന്നിവർക്ക് പരിക്കുണ്ട്. പരിശോധനകൾക്ക് ശേഷമാകും ഇവരുടെ കാര്യത്തിൽ തീരുമാനം എടുക്കുക.