ആദ്യ സീസണിൽ ഉയർന്നു വന്ന വിമർശനങ്ങളെ തുടർന്ന് ചെൽസി വിടുന്നതിനെ കുറിച്ച് ആലോചിച്ചുവെന്ന് ചെൽസി മിഡ്ഫീൽഡർ ജോർഗിഞ്ഞോ. 2018-19 സീസണിൽ നാപോളിയിൽ നിന്ന് പരിശീലകൻ മൗറിസിയോ സാരിയുടെ കൂടെയാണ് ജോർഗിഞ്ഞോ ചെൽസിയിൽ എത്തിയത്. തുടർന്ന് ആദ്യ സീസണിൽ സാരിയുടെ ഫുട്ബോൾ ശൈലി ചെൽസിയിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമാവുകയും സാരിക്കൊപ്പം ചെൽസിയിൽ എത്തിയ ജോർഗിഞ്ഞോക്ക് കടുത്ത വിമർശനം ഏൽക്കേണ്ടിവരുകയും ചെയ്തിരുന്നു.
ആ സമയത്ത് തനിക്ക് അനാവശ്യ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നുവെന്നും എന്നാൽ ഈ വിമർശനങ്ങൾ എല്ലാം പ്രചോദനമായി ഉൾകൊണ്ട് മികച്ച പ്രകടനം നടത്താനാണ് ശ്രമിച്ചതെന്നും ജോർഗിഞ്ഞോ പറഞ്ഞു. ചെൽസിയിൽ നിന്ന് പരിശീലകൻ സരി യുവന്റസിലേക്ക് പോയെങ്കിലും ചെൽസിയിൽ പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിന് കീഴിൽ മികച്ച പ്രകടനവും പുറത്തെടുത്ത് ജോർഗിഞ്ഞോ ചെൽസി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ചെൽസിയിൽ പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ് നൽകിയ പിന്തുണ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായകമായെന്നും ജോർഗിഞ്ഞോ പറഞ്ഞു.