പുതുവർഷം ലിവർപൂളിന് ആവേശ തുടക്കം. ബേൺലിയെ 1-2 ന് മറികടന്നാണ് ക്ളോപ്പും സംഘവും പുതുവർഷത്തിൽ ആദ്യ പ്രീമിയർ ലീഗ് ജയം സ്വന്തമാക്കിയത്. സ്കോർ 1-1 ഇൽ നിൽക്കെ 94 ആം മിനുട്ടിൽ ക്ലാവൻ നേടിയ ഗോളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. ജയത്തോടെ ലിവർപൂൾ 44 പോയിന്റുമായി നാലാം സ്ഥാനത്താണ്. 34 പോയിന്റുള്ള ബേൺലി ഏഴാം സ്ഥാനത് തുടരും.
അവസാന ലീഗ് മത്സരം കളിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ലിവർപൂൾ ഇന്നിറങ്ങിയത്. ഫിർമിനോ,സലാഹ്, കുട്ടീഞ്ഞോ എന്നിവർക്ക് പകരം സോളൻകെ, ലല്ലാന, ചേമ്പർലൈൻ എന്നിവർ ഇടം നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. രണ്ടാം പകുതിയിലാണ് ലിവർപൂൾ അകൗണ്ട് തുറന്നത്. 61 ആം മിനുട്ടിൽ മാനെയുടെ മികച്ച ഷോട്ട് ബേൺലി വലയിൽ പതിക്കുകയായിരുന്നു. പക്ഷെ തോൽവി അത്ര പെട്ടെന്ന് അംഗീകരിക്കാതിരുന്ന ബേൺലി നിരന്തരം ശ്രമം തുടർന്നപ്പോൾ 87 ആം മിനുട്ടിൽ അവർ സമനില ഗോൾ കണ്ടെത്തി. ഗുഡ്മുൻസനാണ് അവരുടെ ഗോൾ നേടിയത്. പക്ഷെ കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ലോവരന്റെ പാസ്സ് ക്ലാവൻ വലയിലാക്കി ലിവർപൂളിന് 2018 ലെ ആദ്യ ജയം സ്വന്തമാകുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial