ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടിയുള്ള മത്സരങ്ങൾ കടുത്തു തുടങ്ങിയതോടെ ആഴ്‌സണലിന് പരിക്ക് വില്ലൻ. ഇന്നലെ എഫ്.എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോറ്റ് പുറത്തായ ആഴ്‌സണലിന് താരങ്ങളുടെ പരിക്ക് തലവേദനയാവുന്നു. പ്രതിരോധ താരങ്ങളായ സോക്രടീസും കൊഷെൽനിയുമാണ് ഇന്നലത്തെ മത്സരത്തിൽ പരിക്കേറ്റത്. നേരത്തെ മറ്റൊരു പ്രതിരോധ താരമായ ബെല്ലറിൻ പരിക്കേറ്റ് ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ മാത്രം പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ കൊഷെൽനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുകാകുവിന്റെ ബൂട്ട് തട്ടിയാണ് താടിയെല്ലിന് പരിക്കേറ്റത്. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക നിഗമനം. താരത്തെ മത്സരം ശേഷം ഹോസ്പിറ്റലിൽ പ്രവേശിച്ചിരുന്നു. ആദ്യ പകുതിയിൽ മറ്റൊരു പ്രതിരോധ താരമായ സോക്രടീസിനും പരിക്കേറ്റിരുന്നു. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഒരു മത്സരത്തിൽ തന്നെ രണ്ടു പ്രധിരോധ താരങ്ങളെ നഷ്ടപ്പെട്ടതോടെ മത്സരത്തിൽ അത് തിരിച്ചടിയായെന്ന് പരിശീലകൻ ഉനൈ എമേറി പറഞ്ഞിരുന്നു.