പ്രീസീസൺ സമയത്ത് ഇംഗ്ലീഷ് ക്ലബായ ഹഡേഴ്സ് ഫീൽഡ് നടത്തിയ ജേഴ്സി നാടകത്തിന് ക്ലബ് വലിയ വില കൊടുക്കേണ്ടി വരും. ഹഡേഴ്സ് ഫീൽഡിന്റെ ആ പരീക്ഷണം തെറ്റായിരുന്നെന്ന് വിധിച്ച് ഇംഗ്ലീഷ് എഫ് എ ഹഡേഴ്സ് ഫീൽഡിന് വലിയ പിഴ തന്നെ ചുമത്തിയിരിക്കുകയാണ്. 500000 ഡോളറാണ് പിഴയായി ഹഡേഴ്സ് ഫീൽഡ് അറയ്ക്കേണ്ടത്. ബെറ്റിംഗ് കമ്പനിയായ പാഡിപവറിന്റെ പേര് ജേഴ്സി നിറയെ എഴുതി വെച്ച ഡിസൈനിൽ ആയിരുന്നു പ്രീസീസണിൽ ഹഡേഴ്സ് ഫീൽഡ് ജേഴ്സി ഇറക്കിയത്.
ഇത് തങ്ങളുടെ ജേഴ്സി ആണെന്ന് ആദ്യ പ്രഖ്യാപിച്ച ക്ലബ് രണ്ട് ദിവസം കഴിഞ്ഞ് അത് തമാശ ആയിരുന്നെന്നും പുതിയ ജേഴ്സിയിൽ സ്പോൺസറേ ഇല്ല എന്നും വ്യക്തമാക്കിയിരുന്നു. ഹഡേഴ്സ്ഫീൽഡ് ആരാധകർ ഉൾപ്പെടെ ഫുട്ബോൾ ആരാധകർ ഒക്കെ പ്രതിഷേധങ്ങളുമായി ആ സമയത്ത് രംഗത്ത് എത്തിയിരുന്നു. ജേഴ്സി ഒരുക്കാനുള്ള നിയമാവലികൾ തെറ്റിച്ചതാണ് ഫുട്ബോൾ അസോസിയേഷൻ ഈ ജേഴ്സിക്ക് എതിരെ ഇപ്പോൾ നടപടി എടുക്കാൻ കാരണം.