മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയുമായി രക്ഷപ്പെട്ടു എന്ന് പറയാം. ഇന്ന് ഒരു വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പോരിൽ വലിയ ഊർജ്ജം നൽകുമായിരുന്നു എങ്കിലും വെസ്റ്റ് ഹാമിനെതിരെ സമനില മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടാൻ ആയുള്ളൂ. അതും വളരെ കഷ്ടപ്പെട്ട് നേടിയ 1-1ന്റെ സമനില. ഈ സമനില തൽക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നാമത് എത്തിക്കും എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത തീരുമാനം എങ്കിൽ ലീഗിന്റെ അവസാന ദിവസം തന്നെയാകണം.
ഇന്ന് മികച്ച ടീമിനെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറക്കിയെങ്കിലും ആ മികവ് യുണൈറ്റഡിൽ നിന്ന് ഇന്ന് കണ്ടില്ല. കുറെ മത്സരങ്ങൾ അടുപ്പിച്ച് കളിച്ചതിനാൽ തന്നെ ആകെ തളർന്ന യുണൈറ്റഡിനെയാണ് ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ വെസ്റ്റ് ഹാം ആണ് ലീഡ് എടുത്തത്. പോഗ്ബ ദാനം നൽകിയതായിരുന്നു പെനാൾട്ടി. ആ പെനാൾട്ടി അന്റോണിയോ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവതാരം ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില തിരികെ നൽകി.
മാർഷ്യലും ഗ്രീൻവുഡും തമ്മിൽ നടന്ന മികച്ചപാസിംഗ് കൈമാറ്റത്തിനു ശേഷമായിരുന്നു യുവതാരത്തിന്റെ ഗോൾ. ഗ്രീൻവുഡിന്റെ സീസണിലെ 17ആം ഗോളാണ് ഇത്. ഈ ഗോളിന് ശേഷം നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. ഈ സമനില യുണൈറ്റഡിനെ 63 പോയന്റുമായി മൂന്നാമത് എത്തിച്ചു. നാലാമതുള്ള ചെൽസിക്കും 63 പോയന്റാണ് ഉള്ളത്. പക്ഷെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് യുണൈറ്റഡിനെ മുന്നിൽ നിർത്തുകയാണ്.
ഒരു മത്സരം കുറവ് കളിച്ച ചെൽസി ഇന്ന് ലിവർപൂളിനെ നേരിടുന്നുണ്ട്. ലീഗിലെ അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്ക് എതിരെ സമനില എങ്കിലും നേടുകയാണ് എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. അഞ്ചാമതുള്ള ലെസ്റ്ററിന് 62 പോയന്റാണ് ഉള്ളത്.