ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്ന് സൂചനകൾ വരുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വനിതാ ആരാധകർ. ഗ്രീൻവുഡിനെ തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങളെ സ്വാഭാവികവത്കരിക്കൽ ആണെന്ന് വനിതാ ഫാൻസ് കൂട്ടായ്മ പറയുന്നു. ഗ്രീൻവുഡിനെ തിരികെ ടീമിൽ എടുത്താൽ അത് സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ ചെയ്യാവുന്നതാണെന്ന് പറയുന്നതിന് തുല്യമാണെന്ന് അവർ പ്രസ്താവനയിൽ പറയുന്നു.
പി ആർ ഏജൻസികളെ വെച്ച് തന്റെ തെറ്റുകൾ മായ്ച്ചു കളയാൻ ആണ് ഗ്രീൻവുഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഗ്രീൻവുഡ് ടീമിൽ എത്തിയാൽ സ്ത്രീകളെ ആക്രമിക്കുന്നവരെ ഞങ്ങൾ പിന്തുണക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സ്ത്രീ ആരാധകരോടും സ്ത്രീകളായ അവരുടെ തൊഴിലാളികളോടും പറയുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ തുടങ്ങും മുമ്പ് സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിന്റെ ഭാവി തീരുമാനിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ ഒരു തീരുമാനത്തിൽ ക്ലബ് എത്തിയിട്ടില്ല. ഗ്രീൻവുഡിനെതിരെയുള്ള ബലാത്സംഗശ്രമവും ആക്രമണവും ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി കുറ്റങ്ങൾ ഫെബ്രുവരി 2-ന് ഒഴിവാക്കപ്പെട്ടിരുന്നു
പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീൻവുഡിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പ്രോസസിലൂടെ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്വേഷണങ്ങളും ചർച്ചകളും അന്തിന ഘട്ടത്തിലാണ് എന്നാണ് വിവരങ്ങൾ. താരത്തെ ലോണിൽ അയക്കാനോ ക്ലബിന്റെ ഫസ്റ്റ് ടീമിലേക്ക് തിരികെയെടുക്കാനോ ക്ലബ് തീരുമാനിക്കും. തീരുമാനം എന്തായാലും യുണൈറ്റഡ് വലിയ വിമർശനങ്ങൾ നേരിടാൻ ആണ് സാധ്യത.
പ്രധാന സാക്ഷികൾ പിൻവലിഞ്ഞത് ആയിരുന്നു ഗ്രീൻവുഡിന് എതിരായ കേസ് തള്ളിപ്പോകാൻ കാരണം. സ്വന്തം കാമുകിയെ ക്രൂരമായി ഗ്രീൻവുഡ് ആക്രമിച്ച ദൃശ്യങ്ങൾ കാമുകി തന്നെ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരത്തെ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്. ഗ്രീൻവുഡ് അവസാന മാസങ്ങളിൽ ദുബൈയിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ പരിശീലനങ്ങൾ നടത്തിയിരുന്നു.
ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ ഗ്രീന്വുഡ് തിരികെയെത്തിയിട്ടില്ല. 2025 ജൂൺ വരെയാണ് അദ്ദേഹത്തിന് യുണൈറ്റഡിൽ കരാർ ഉണ്ട്