വാതുവെപ്പ് കേസിൽ അകപ്പെട്ട ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലിക്ക് പത്ത് മാസം ഫുട്ബോളിൽ നിന്നും വിലക്ക്. ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഗബ്രിയേലെ ഗ്രാവിനയാണ് വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്. വിലക്കിന് പുറമെ എട്ട് മാസത്തോളം വാതുവെപ്പ് ആസക്തിയിൽ നിന്നും മുക്തി നേടാനുള്ള റീഹാബ് ചികിത്സക്കും താരം വിധേയനാകെണ്ടതുണ്ട്. ഇതോടെ അടുത്ത സീസൺ തുടക്കത്തോടെ മാത്രമേ ടോണാലി കളത്തിലേക്ക് മടങ്ങി എത്തുകയുള്ളൂ എന്നുറപ്പായി. കൂടാതെ ഇറ്റലി യൂറോ കപ്പിന് യോഗ്യത നേടിയാലും താരത്തിന് ടൂർണമെന്റ് നഷ്ടമാവുകയും ചെയ്യും.
നേരത്തെ കേസിൽ ആദ്യം അകപ്പെട്ട ഫാഗിയോലിക്ക് ഏഴ് മാസത്തെ വിലക്ക് വിധിച്ചിരുന്നു. താരത്തിന്റെ വെളിപ്പെടുത്തലിൽ കേസിൽ ഉൾപ്പെട്ട ടോണാലി തുടക്കം മുതൽ തന്നെ അന്വേഷണവുമായി സഹകരിക്കാനും വാതുവെപ്പിൽ നിന്നും പുറത്തു കടക്കാനുള്ള തന്റെ താൽപര്യവും വ്യക്തമാക്കി. ചട്ടങ്ങൾ പാലിച്ചിട്ടാണെങ്കിൽ വർഷങ്ങൾ നീണ്ടേക്കാവുന്ന ശിക്ഷ വരെ വിധിക്കമായിരുന്നു എന്ന് ഗ്രാവിന ചൂണ്ടിക്കാണിച്ചു. എന്നാൽ കുറ്റക്കാരന്റെ ഹരജി മുഖവിലക്കെടുക്കാൻ അനുമതി ഉണ്ടെന്നും ഇത് പ്രകാരം ഫുട്ബാൾ അസോസിയേഷൻ പ്രോസിക്യൂട്ടരുമായി താരം ധാരണയിൽ എത്തിയത് താൻ അംഗീകരിച്ചെന്നും ഗ്രാവിന പറഞ്ഞു. വിലക്കിന് പുറമെ എട്ട് മാസം റീഹാബ് ചികിത്സ, പതിനാറ് ബോധവൽക്കരണ പൊതുപരിപാടികൾ എന്നിവയും ടോണാലി പങ്കെടുക്കണം. താരം എല്ലാ വിധത്തിലും അന്വേഷണവുമായി സഹകരിച്ചെന്ന് ഗ്രാവിന അറിയിച്ചു. താരം ചികിത്സയും ആരംഭിച്ചു കഴിഞ്ഞു.
Download the Fanport app now!