പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഫുൾഹാം ഗോൾ കീപ്പർമാർക്കായുള്ള തിരച്ചിലിൽ. ആഴ്‌സനൽ താരം ബെൺഡ് ലെനോയെയാണ് ഫുൾഹാം തങ്ങളുടെ ആദ്യ ലക്ഷ്യമായി കാണുന്നത്. താരത്തിന് വേണ്ടി ആഴ്‌സനലുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൈമാറ്റ തുകയിൽ ധാരണയിൽ എത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഫുൾഹാം മറ്റ് സാധ്യതകളും തേടുന്നുണ്ട്. ബാഴ്‌സലോണയുടെ രണ്ടാം കീപ്പർ നെറ്റോ ആണ് പ്രീമിയർ ലീഗ് ടീം കണ്ണ് വെച്ച മറ്റൊരു താരമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ആഴ്‌സനലിൽ നിന്നും ലെനോയെ എത്തിക്കാൻ സാധിക്കാതെ ഇരുന്നാൽ മാത്രമാകും നെറ്റോയെ ഫുൾഹാം പരിഗണിക്കുക. അതേ സമയം നെറ്റോയെ കൈമാറ്റ തുക ഒന്നും കൂടാതെ തന്നെ ബാഴ്‌സലോണ വിട്ടു കൊടുത്തേക്കും എന്ന സൂചനകൾ ഉണ്ട്. ലാ ലീഗയിൽ ടീമുകൾ നെറ്റോയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും വരുമാനത്തിൽ ധാരണയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. അതേ സമയം താരത്തിന് തന്റെ മുൻ തട്ടകമായ ഇറ്റാലിയൻ ലീഗിലേക്ക് മടങ്ങാൻ ആണ് ആഗ്രഹം എന്ന സൂചനകളും ഉണ്ട്. നാപോളിയാണ് ബ്രസീലുകാരൻ ലക്ഷ്യമിടുന്ന ടീം.
ആഴ്‌സനലിൽ നിലവിൽ റാംസ്ഡേലിന് കീഴിൽ രണ്ടാം കീപ്പർ മാത്രമായി മാറിയ ലെനോ കൈമാറ്റ തുകയിൽ ടീമുകൾക്ക് ധാരണയിൽ എത്താൻ കഴിഞ്ഞാൽ ഫുൾഹാമിലേക്ക് കൂടുമാറിയേക്കും. അവസാന സീസണിൽ നാല് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ജർമൻ താരത്തിന് ആഴ്‌സനൽ ജേഴ്‌സി അണിയാൻ സാധിച്ചത്. മറ്റ് ടീമുകൾ ഒന്നും ഇരു താരങ്ങൾക്കും വേണ്ടി നിലവിൽ കളത്തിലില്ലെന്ന പ്രതീക്ഷയിലാണ് ഫുൾഹാം.