ബ്രസീലിയൻ താരം വില്ലിയനെ ടീമിൽ നിലനിർത്താൻ ഫുൾഹാം ശ്രമം. സീസണിന്റെ തുടക്കത്തിൽ ഒരു സീസണിലേക്ക് ടീമിലേക്ക് എത്തിച്ച താരത്തിന്റെ കരാർ അടുത്ത മാസത്തോടെ അവസാനിക്കാൻ ഇരിക്കെയാണ് ഫുൾഹാമിന്റെ പുതിയ നീക്കം. താരവും ക്ലബ്ബും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ഒരു സീസണിലേക്ക് കൂടി താരത്തെ പിടിച്ചു നിർത്താൻ ആണ് ഫുൾഹാം ശ്രമം. നേരത്തെ ഫ്രീ ട്രാൻസ്ഫെറിലൂടെ ആയിരുന്നു മുപ്പത്തിനാലുകാരൻ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് എത്തിയത്.
വില്ലിയൻ വേണ്ടി യൂറോപ്പിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ആവശ്യക്കാർ ഉണ്ടെന്ന് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സംസാരിക്കവെ ഫുൾഹാമുമായി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ വില്ലിയൻ, എന്നാൽ ടീമിൽ തുടരുന്നതിൽ ഉറപ്പു നൽകിയതും ഇല്ല. ടീമിൽ തുടരാൻ കഴിഞ്ഞാൽ അത് വളരെ സന്തോഷം നൽകുമെന്നും, തനിക്ക് ചെൽസി ആരാധകരോട് തോന്നിയ പോലെയുള്ള അടുപ്പമാണ് ഫുൾഹമിലും അനുഭവപ്പെടുന്നത് എന്നും വില്ലിയൻ കൂട്ടിച്ചേർത്തു. “ഈ സീസണിലെ പ്രകടനം തനിക്ക് അഭിമാനം നൽകുന്നു. പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിൽ പലരും തന്നെ എഴുതിതള്ളിയെങ്കിലും, വർഷങ്ങൾക്ക് മുൻപ് പുറത്തെടുത്ത പോലെയുള്ള പ്രകടനം പുറത്തെടുക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് കരുതുന്നു”, താരം പറഞ്ഞു.
Download the Fanport app now!