ട്രാൻസ്ഫർ വിൻഡോയിൽ ഇരുപതോളം താരങ്ങളെ എത്തിച്ച് ഞെട്ടിച്ച നോട്ടിങ്ഹാമിൽ നിന്നും വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾ. താരങ്ങളെ എത്തിച്ച മികവ് ഒന്നും ഗ്രൗണ്ടിൽ കാണാതെ വന്നതോടെ കോച്ച് സ്റ്റീവ് കൂപ്പറിന്റെ തലയുരുളുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നും അദ്ദേഹത്തിന് പുതിയൊരു കരാർ നൽകിയിരിക്കുകയാണ് ക്ലബ്ബ്. 2025വരെയാണ് പുതിയ കരാർ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനതാണെങ്കിലും രണ്ടു പതിറ്റാണ്ടിന് ശേഷം ക്ലബ്ബിനെ വീണ്ടും പ്രീമിയർ ലീഗിലേക്ക് എത്തിച്ച കൂപ്പറിൽ തന്നെ വിശ്വാസം അർപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം.
നേരത്തെ ആരാധകർക്കിടയിൽ നടത്തിയ ഹിതപരിശോധനയിലും കോച്ചിന് അനുകൂലമായാണ് വിധി വന്നത്. എങ്കിലും ലീഗിൽ അവസാന സ്ഥനക്കാർ ആയിരുന്ന ലെസ്റ്ററിനോടേറ്റ തോൽവിയോടെ കൂപ്പറിനെ ക്ലബ്ബ് പുറത്താക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പ്രീമിയർ ലീഗിലെ “നടപ്പുരീതി” അനുസരിച്ച് കോച്ചിനെ പുറത്താക്കാനുള്ള സമയത്തും വ്യത്യസ്തത പുലർത്തിയിരിക്കുകയാണ് നോട്ടിങ്ഹാം.