ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ സ്വപ്ന സമാനമായ തുടക്കം നിലനിർത്തി നോട്ടിങ്ഹാം ഫോറസ്റ്റ്. വെസ്റ്റ് ഹാം യുണൈറ്റഡിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത അവർ ലീഗിൽ 19 പോയിന്റുകളും ആയി മൂന്നാം സ്ഥാനത്തേക്കും കയറി. സീസണിൽ എട്ടാം ഗോൾ നേടിയ ക്രിസ് വുഡിലൂടെ 27 മത്തെ മിനിറ്റിൽ മുന്നിൽ എത്തിയ ഫോറസ്റ്റിന് വെസ്റ്റ് ഹാം 10 പേരായി ചുരുങ്ങിയതോടെ കാര്യങ്ങൾ എളുപ്പം ആയി. എഡ്സൺ അൽവാരസ് ആണ് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത്.
തുടർന്ന് രണ്ടാം പകുതിയിൽ ഹഡ്സൺ ഒഡോയ്, ഒല അയിന എന്നിവർ നേടിയ ഗോളുകൾക്ക് ഫോറസ്റ്റ് ജയം ഉറപ്പിക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ തരം താഴ്ത്തൽ ഒഴിവാക്കുന്നതിനു മറ്റു ടീമുകൾക്കും പോയിന്റ് കുറച്ച പ്രീമിയർ ലീഗിനും എതിരെ പൊരുതിയ ഫോറസ്റ്റിന് ഇത് സ്വപ്‍ന സമാനമായ കുതിപ്പ് തന്നെയാണ്. ലീഗിലെ മറ്റൊരു മത്സരത്തിൽ എവർട്ടണിനെ ആദം ആംസ്ട്രോങിന്റെ ഏക ഗോളിന് വീഴ്ത്തിയ സൗതാപ്റ്റൺ ലീഗിലെ ആദ്യ ജയം കുറിച്ചു. അതേസമയം ലെസ്റ്റർ സിറ്റി, ഇപ്സ്വിച് മത്സരം 1-1 നു സമനിലയിൽ അവസാനിച്ചു.