20220831 120237

ഫോഫാനക്ക് പകരക്കാരനായി ബെൽജിയൻ താരം ലെസ്റ്ററിൽ എത്തും

ചെൽസിയിലേക്ക് ചേക്കേറിയ വെസ്ലി ഫോഫാനക്ക് പകരക്കാരൻ ആയി മറ്റൊരു സെൻട്രൽ ഡിഫന്ററെ ലെസ്റ്റർ ടീമിലേക്ക് എത്തിക്കുന്നു. ഫ്രഞ്ച് ലീഗിൽ റീംസിന് വേണ്ടി പന്ത് തട്ടുന്ന വൂട്ട് ഫയെസ് ആണ് ലെസ്റ്ററിന്റെ റഡാറിലുള്ള താരം. ടീമുകൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ ഉടനെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ലെസ്റ്റർ. നേരത്തെ ടോറിനോയും താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നെങ്കിലും റീംസ് അത് നിരസിച്ചിരുന്നു.

ഇരുപത്തിനാലുകാരനായ ഫയെസ് 2020ലാണ് റീംസിൽ എത്തുന്നത്. രണ്ടു സീസണുകളിലായി എഴുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുണ്ട്. താരവുമായി വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ലെസ്റ്ററിന് സാധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കരാർ ആവും താരത്തിന് നൽകുക. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഉടനെ ചർച്ചകൾ പൂർത്തീകരിച്ച് താരത്തെ ലെസ്റ്റർ ജേഴ്‌സിൽ കാണാൻ കഴിയും. ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ലെസ്റ്റർ സജീവമല്ലായിരുന്നു.

Exit mobile version