മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൈനിംഗ് ഫകുണ്ടോ പെലസ്ട്രി ഉടൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി അരങ്ങേറ്റം നടത്തും. താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ്സ് ടീമിനായി തകർത്തു കളിക്കുകയാണ്. അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടാനും പെലസ്ട്രിക്ക് ആയി. അണ്ടർ 23 ടീമിനു വേണ്ടി കളിക്കുമ്പോൾ സൗതാമ്പ്ടണ് എതിരെയും അണ്ടർ 21 ടീമിനു വേണ്ടി കളിക്കുമ്പോൾ ആക്രിങ്ടണ് എതിരെയുമാണ് ഫകുണ്ടോ ഗോളുകൾ നേടിയത്.
ഇടതു വിങ്ങിലും വലതു വിങ്ങിലും അനായാസം ഫകുണ്ടോ കളിക്കുന്നതാണ് കാണാൻ കഴിയുന്നത്. റിസേർവ്സിനായി കളിക്കണ്ട താരമല്ല എന്നും സീനിയർ ടീമിൽ കളിക്കാനുള്ള കഴിവ് താരത്തിന് ഉണ്ട് എന്നും ഫകുണ്ടോയുടെ പ്രകടനങ്ങൾ കാണിക്കുന്നു. താരം ഉടൻ തന്നെ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം നടത്തും. ലീഗ് കപ്പിൽ എവർട്ടണ് എതിരെ ഫകുണ്ടോയെ ഇറക്കാൻ ആണ് ഒലെ ഗണ്ണാർ സോൾഷ്യാർ ആലോചിക്കുന്നത്. ഈ മാസം 22ആം തീയതിയാണ് ആ മത്സരം.
18കാരനായ താരം ഈ സീസൺ തുടക്കത്തിൽ ഉറുഗ്വേ ക്ലബായ പെനറോളിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. വലതു വിങ്ങിൽ കളിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന യുണൈറ്റഡിന് വലിയ ആശ്വാസമാകാൻ ഫകുണ്ടോയ്ക്ക് കഴിഞ്ഞേക്കും.