ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ ക്ലബിന് ആശ്വാസം. അവരുടെ പോയിന്റ് കുറക്കാനുള്ള ലീഗിന്റെ തീരുമാനം 10 പോയിന്റിൽ നിന്ന് 6 പോയിന്റാക്കി കുറച്ചു. ഇതോടെ എവർട്ടൺ റിലഗേഷൻ ഭീഷണിയിൽ നിന്ന് മുകളിലേക്ക് കയറി. 4 പോയിന്റ് തിരികെ കിട്ടിയതോടെ അവർ 25 പോയിന്റുമായി 15ആം സ്ഥാനത്തേക്ക് എത്തി.
ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്‌എഫ്‌പി) നിയമങ്ങൾ ലംഘിച്ചതിന് ആയിരുന്നു എവർട്ടണിന് 10 പോയിന്റ് കുറക്കാൻ നേരത്തെ തീരുമാനമായത്. ഇതിനെതിരെ എവർട്ടൺ നൽകിയ അപ്പീൽ പരിഗണിച്ചാണ് പുതിയ തീരുമാനം.
എഫ്‌എഫ്‌പി നിയമം തെറ്റിച്ചതിന് ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റ് ക്ലബ്ബാണ് എവർട്ടൺ. പ്രീമിയർ ലീഗ് കാലഘട്ടത്തിൽ ഏതെങ്കിലും കാരണത്താൽ പോയിന്റുകൾ കുറയ്ക്കുന്ന മൂന്നാമത്തെ ക്ലബുമാണ് അവർ: 2010-ൽ അഡ്മിനിസ്ട്രേഷനിൽ പ്രവേശിച്ചതിന് പോർട്ട്സ്മൗത്ത് ഒമ്പത് പോയിന്റുകൾ കുറക്കപ്പെട്ടിരുന്നു. 1997-ൽ ഒരു ഗെയിം നിയമവിരുദ്ധമായി മാറ്റിവെച്ചതിന് മിഡിൽസ്ബ്രോയ്ക്ക് മൂന്ന് പോയിന്റും കുറക്കപ്പെട്ടിരുന്നു.