ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ അവസാനം വിജയ വഴിയിൽ തിരികെയെത്തി. വിജയമില്ലാത്ത നാലു മത്സരങ്ങൾക്ക് ശേഷമാണ് ഇന്ന് എവർട്ടൺ വിജയം നേടിയത്. ഫുൾഹാമിനെ എവേ മത്സരത്തിൽ നേരിട്ട എവർട്ടൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കാൾവട്ട് ലൂയിന്റെ ഇരട്ട ഗോളുകളാണ് എവർട്ടണ് വിജയം നൽകിയത്.
ഗംഭീര രീതിയിലാണ് എവർട്ടൺ ഇന്ന് മത്സരം തുടങ്ങിയത്. കളി തുടങ്ങി വെറും 40 സെക്കൻഡിൽ എവർട്ടൺ ലീഡ് എടുത്തു. റിച്ചാർലിസന്റെ പാസിൽ നിന്ന് കാൾവട്ട് ലൂയിനിലൂടെ ആയിരുന്നു എവർട്ടൻ ലീഡ് എടുത്തത്. ആ ഗോളിനോട് പെട്ടെന്ന് പ്രതികരിക്കാൻ ഫുൾഹാമിനായി. 15ആം മിനുട്ടിൽ ബോബി റീഡിലൂടെ ആണ് ഫുൾഹാം സമനില ഗോൾ നേടിയത്. എന്നാൽ അവർക്ക് ആശ്വസിക്കാനായില്ല.
എവർട്ടൺ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ കൂടെ നേടി ഫുൾഹാമിന്റെ കയ്യിൽ നിന്ന് മത്സരം അകറ്റി. 29ആം മിനുട്ടിൽ കാൾവട്ട് ലൂവിൻ തന്റെ രണ്ടാം ഗോൾ നേടി. താരത്തിന്റെ ലീഗിലെ പത്താം ഗോളായിരുന്നു ഇത്. 35ആം മിനുട്ടിൽ ഡൊകോറെയുടെ ഹെഡറിലൂടെ മൂന്നാം ഗോളും വന്നു. രണ്ടാം പകുതിയിൽ ഫുൾഹാം ശക്തമായി തിരിച്ചടിക്കുന്നതാണ് കണ്ടത്. 68ആം മിനുട്ടിൽ ഒരു പെനാൾട്ടി ഫുൾഹാമിന് ലഭിച്ചു എങ്കിലും അത് അവർക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
68ആം മിനുട്ടിൽ കവെലെരിയോ ആണ് പെനാൾട്ടി നഷ്ടപ്പെടുത്തിയത്. തൊട്ടടുത്ത നിമിഷം ലോഫ്റ്റസ് ചീകിലൂടെ ഒരു ഗോൾ മടക്കാൻ ഫുൾഹാമിനായി. പക്ഷെ അതിനപ്പുറം സമനില ഗോൾ നേടാൻ ഫുൾഹാമിനായില്ല. ഈ വിജയത്തോടെ എവർട്ടണ് ലീഗിൽ 16 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു.