ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ച് എവർട്ടൺ. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത വെല്ലുവിളി ആണ് ലമ്പാർഡിന്റെ എവർട്ടൺ ഉയർത്തിയത്. തുടക്കത്തിൽ നല്ല അറ്റാക്കുകൾ നടത്താൻ സിറ്റി പ്രയാസപ്പെട്ടു. എങ്കിലും 24ആം മിനുട്ടിൽ അവർ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ വെച്ച് മെഹ്റസ് നൽകിയ പാസ് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ ഹാളണ്ട് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഹാളണ്ടിന്റെ ഈ സീസണിലെ 21ആം ലീഗ് ഗോളായിരുന്നു ഇത്.
ഈ ഗോളിന് ശേഷം ഒരു ഹെഡറിലൂടെ സ്റ്റോൺസ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കുന്നതിന് അടുത്ത് എത്തി. പക്ഷെ പോസ്റ്റ് എവർട്ടന്റെ രക്ഷയ്ക്ക് എത്തി. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ആയിരുന്നു എവർട്ടന്റെ മറുപടി ഗോൾ. ഡെമെറി ഗ്രേ ആണ് എവർട്ടണായി ഗോൾ നേടിയത്. ഒരു മികച്ച ഷോട്ടിലൂടെ ആയിരുന്നു താരത്തിന്റെ സമനില ഗോൾ.
ഇതിനു ശേഷം എവർട്ടന്റെ ശ്രദ്ധ ആ ഒരു പോയിന്റ് ഉറപ്പിക്കാൻ ആയിരുന്നു. അതുകൊണ്ട് തന്നെ അവർ ഡിഫൻസിൽ ഊന്നി തന്നെ കളിച്ചു. ഇത് സിറ്റിയുടെ കാര്യങ്ങൾ കുഴപ്പത്തിലാക്കി. 101 മിനുട്ടിൽ അധികം കഴിഞ്ഞ് ഫൈനൽ വിസിൽ വന്നപ്പോൾ സിറ്റി സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് സമനില.
16 മത്സരങ്ങളിൽ 36 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാമത്താണ്. 15 മത്സരങ്ങളിൽ നിന്ന് 40 പോയിന്റ് ഉള്ള ആഴ്സണൽ ആണ് ഒന്നമാത്. എവർട്ടൺ 15 പോയിന്റുമായി പതിനാറാം സ്ഥാനത്താണ്.