ഇന്ന് നടന്ന പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ എവർട്ടൺ 5-1ന് ബ്രൈറ്റനെ തകർത്തു കൊണ്ട് ഏവരെയും ഞെട്ടിച്ചു. മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ എവർട്ടൺ ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ ലീഡ് എടുത്തു. ഇതടക്കം രണ്ടു അബ്ദുളെ ഡൗക്കോറെ രണ്ട് ഗോളുകൾ നേടിയതോടെ ടോഫിസ് 29 മിനുട്ടിൽ 2-0ന് മുന്നിൽ എത്തി.
35-ാം മിനിറ്റിൽ ബ്രൈറ്റന്റെ ജേസൺ സ്റ്റീലിന്റെ സെൽഫ് ഗോൾ എവർട്ടണ് ആദ്യ പകുതിയിൽ 3-0ന്റെ ലീഡ് നൽകി. ഇടവേളയ്ക്കുശേഷം 76ആം മിനുട്ടിൽ മക്നീൽ കൂടെ ഗോൾ നേടിയതോടെ എവർട്ടൺ 4-0ന് മുന്നിൽ.
79-ാം മിനിറ്റിൽ അലക്‌സിസ് മാക് അലിസ്റ്ററിലൂടെ സീഗൾസിന് ഒരു ഗോൾ മടക്കാൻ ആയി, പക്ഷേ അപ്പോഴേക്കും എറെ വൈകിയിരുന്നു. ഇഞ്ച്വറി ടൈമിൽ മക്നീൽ ഒരു ഗോൾ കൂടെ നേടിയതോടെ വിജയം പൂർത്തിയായി.
ഈ വിജയത്തോടെ എവർട്ടൺ 35 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ലീഗ് ടേബിളിൽ 16-ാം സ്ഥാനത്തേക്ക് ഉയർന്നു. റിലഗേഷൻ ബാറ്റിലിൽ എവർട്ടണ് വലിയ ഊർജ്ജമാണ് ഈ 3 പോയിന്റ്. ബ്രൈറ്റൺ 55 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. അവരുടെ യൂറോപ്യൻ പ്രതീക്ഷകൾക്ക് ഈ തോൽവി വലിയ തിരിച്ചടിയാണ്.