ന്യൂകാസിലിനെ തകർത്ത് വമ്പൻ വിജയവുമായി എവർടൺ

Nihal Basheer

പ്രിമിയർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ന്യൂകാസിലിനെതിരെ വമ്പൻ ജയവുമായി എവർടൺ. ഗുഡിസൻ പാർക്കിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ജയം കണ്ടെത്. എഫ്എഫ്പിയിലെ വീഴ്ച്ച കാരണം പോയിന്റ് നഷ്ടമായ എവർടനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ് ഈ ഫലം. ഇതോടെ റെലെഗെഷൻ സോണിൽ നിന്നും പുറത്തു കടക്കാനും അവർക്കായി. മാക്നീൽ, ഡോകൊറെ, ബെറ്റോ എന്നിവർ മത്സരത്തിൽ വല കുലുക്കി. ഇതോടെ ന്യൂകാസിൽ ഏഴാമത് തുടരുമ്പോൾ എവർടൻ പതിനേഴാം സ്ഥാനത്താണ്.
Screenshot 20231208 071738 X
തുടക്കത്തിൽ ആൽമിറോണിന്റെ ശ്രമം പിക്ഫോർഡ് കൈക്കലാകിയപ്പോൾ കാൽവെർട് ലൂയിന്റെ ഹെഡർ ശ്രമം മറുവശത്തും കീപ്പർ തടഞ്ഞു. എവർടണ് വീണ്ടും മികച്ച പല അവസരങ്ങളും ഗോളാക്കി മാറ്റാൻ സാധിക്കാതെ കടന്ന് പോയി. രണ്ടാം പകുതിയിലാണ് ഗോളുകൾ എല്ലാം പിറന്നത്. 79 മിനിറ്റിൽ ട്രിപ്പിയറിൽ നിന്നും റാഞ്ചിയെടുത്ത ബോളുമായി കുതിച്ച മക്നീൽ തകർപ്പൻ ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. രണ്ടാം ഗോളിലും ട്രിപ്പിയറുടെ പിഴവ് നിർണായകമായി. ബോൾ നേടിയെടുത്ത ഹാരിസൻ ബോക്സിലേക്ക് നൽകിയ പാസ് ഡോകോരെ വലയിലേക്ക് തിരിച്ചു വിട്ടു. 86ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ബെറ്റോ പട്ടിക പൂർത്തിയാക്കി. വലത് വിങ്ങിൽ ബോളുമായി കുതിച്ച താരം ബോക്സിലേക്ക് കയറി തടയാൻ എത്തിയ പ്രതിരോധ താരങ്ങൾക്കും കീപ്പർക്കും ഇടയിലൂടെ ലക്ഷ്യം കാണുകയായിരുന്നു.