രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ പിൻബലത്തിൽ ഫുൾഹാമിനെ മറികടന്ന് എവർട്ടൺ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തിയ എവർട്ടൺ മത്സരം അനായാസം സ്വന്തമാക്കുകയായിരുന്നു. രണ്ടു ഗോൾ നേടി സിഗേഴ്സൺ കളം നിറഞ്ഞു കളിച്ചപ്പോൾ ടോസുൺ ആണ് മൂന്നാമത്തെ ഗോൾ നേടിയത്.
സംഭവ ബഹുലമായ രണ്ടാം പകുതിയിൽ എവർട്ടൺ ലഭിച്ച പെനാൽറ്റി സിഗേഴ്സൺ നഷ്ട്ടപെടുത്തിയെങ്കിലും അധികം താമസിയാതെ സിഗേഴ്സൺ എവർട്ടണിന്റെ ആദ്യ ഗോൾ നേടി. എവർട്ടൺ താരം ലെവിനെ ഒഡോയ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് സിഗേഴ്സൺ നഷ്ടപ്പെടുത്തിയത്. തുടർന്നാണ് സിഗേഴ്സൺ ആദ്യ ഗോൾ നേടിയത്.
ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച എവർട്ടൺ രണ്ടാമത്തെ ഗോളും നേടി. ഇത്തവണ ടോസുൺ ആണ് ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സിഗേഴ്സൺ തന്റെ രണ്ടാമത്തെ ഗോളും എവർട്ടണിന്റെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ജയം സ്വന്തമാക്കി.