ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികവ് തുടർന്ന് ആസ്റ്റൺ വില്ല. ഫുൾഹാമിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് ഇന്ന് വില്ല മറികടന്നത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ റൗൾ ഹിമൻസിലൂടെ ഫുൾഹാം ആണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ മോർഗൻ റോജേഴ്‌സിലൂടെ വില്ല തിരിച്ചടിച്ചു. തുടർന്ന് ആന്ദ്രസ് പെരെയ്ര പെനാൽട്ടി പാഴാക്കിയത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ വാറ്റ്കിൻസ് ഗോൾ നേടിയതോടെ മത്സരത്തിൽ വില്ല മുന്നിൽ എത്തി. 5 മിനിറ്റിനുള്ളിൽ വാറ്റ്ക്ൻസിന്റെ ഉറച്ച ഗോൾ അവസരം നിഷേധിച്ചു ഫൗൾ ചെയ്ത ആന്റേഴ്‌സനു ചുവപ്പ് കാർഡ് കണ്ടത് ഫുൾഹാമിനു തിരിച്ചടിയായി. തുടർന്ന് ഡിയോപ്പിന്റെ സെൽഫ് ഗോൾ വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. ജേഡൻ
ബിഡാൻസിന് ചുവപ്പ് കാർഡ് കണ്ടെങ്കിലും വില്ല ജയം പിടിക്കുക ആയിരുന്നു. ജയത്തോടെ വില്ല നാലാം സ്ഥാനത്തേക്ക് കയറി.
അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. റൂട്ടറിന്റെ പാസിൽ നിന്നു ഉഗ്രൻ ഫോമിലുള്ള ഡാനി വെൽബക്ക് ആണ് ബ്രൈറ്റണിന്റെ വിജയഗോൾ നേടിയത്. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ 2 ഗോൾ മുൻതൂക്കം നേടിയ ശേഷം 3 ഗോൾ വഴങ്ങിയ സൗതാപ്റ്റൺ ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു. 98 മത്തെ മിനിറ്റിൽ ജോർദാൻ ആയു ആണ് ലെസ്റ്റർ വിജയഗോൾ നേടിയത്. ഇപ്സ്വിച്ച് ടൗണിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു എവർട്ടണും ഇന്ന് ജയം കണ്ടു.