പെപ്പ് ഗ്വാർഡിയോളയുടെ മറ്റൊരു അസിസ്റ്റന്റ് കൂടി ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതലയിലേക്ക്. സീസണിൽ ചാമ്പ്യൻഷിപ്പിലേക്ക് താരം താഴ്ത്തൽ ഏറ്റു വാങ്ങിയ ലെസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകനായുള്ള തിരച്ചിൽ മാഞ്ചസ്റ്റർ സിറ്റി അസിസ്റ്റന്റ് കോച്ച് എൻസോ മരെസ്കയിൽ ആണ് അവസാനിച്ചിരിക്കുന്നത്. ടീമും കോച്ചും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്‌കോട്ട് പാർക്കർ, ഡീൻ സ്മിത്ത് എന്നിവരും പരിശീലക സ്ഥാനത്തേക്ക് ടീം ഉടമകൾക്ക് മുന്നിൽ അഭിമുഖം നൽകിയെങ്കിലും മരെസ്കയുടെ പദ്ധതികൾ ആണ് അവരിൽ മതിപ്പുളവാക്കിയതെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് പെപ്പ് ഗ്വാർഡിയോളയും വാനോളം പുകഴ്ത്തിയ തന്ത്രങ്ങൾക്ക് ഉടമയാണ് മരെസ്കൊ. 2021ൽ സിറ്റി യൂത്ത് ടീമിന്റെ ചുമതല നിർവഹിച്ചിരുന്ന അദ്ദേഹം കിരീട നേട്ടത്തിലേക്കും അവരെ നയിച്ചു. യുവതാരങ്ങളുടെ വളർച്ചക്കും സഹായിക്കാൻ കഴിയുന്ന മരെസ്കയിൽ മുൻ നിര താരങ്ങളെ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ലെസ്റ്റർ വിശ്വാസം ആർപ്പിക്കുന്നതിൽ അത്ഭുതമില്ല. നേരത്തെ സിറ്റി വിട്ട് ഇറ്റലിയിൽ സീരി ബി ടീം പാർമയുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ നേട്ടങ്ങൾ ഇല്ലാതെ പോയതോടെ പുറത്തായി. മരെസ്ക സിറ്റിയോട് വിടപറയാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് റോമാനോ സൂചിപ്പിച്ചു. ലെസ്റ്ററിനെ അടുത്ത സീസണിൽ തന്നെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കുക എന്നതാവും കോച്ചിന് മുന്നിലുള്ള ആദ്യ കടമ്പ.