എമിലിയാനോ മാർട്ടിനെസ്: ആഴ്‌സണലിന്റെ വിശ്വസ്തനായ കാവൽക്കാരൻ

- Advertisement -

ആഴ്സണലും പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും തമ്മിലുള്ള മത്സരത്തിന്റെ അവസാന നിമിഷങ്ങളായിരുന്നു അത്. ആഴ്‌സണൽ 2-1ന് മുന്നിൽ നിൽക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ തോൽവിക്ക് ശേഷം മറ്റൊരു പരാജയം ലിവർപൂൾ അന്ന് മുന്നിൽ കണ്ടു. അവർ ആഴ്സണലിന്റെ ഗോൾമുഖം നിർത്താതെ ആക്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ആഴ്‌സണലിന്റെ പ്രതിരോധം അഭൂതപൂർവമായ സംയമനത്തോടെ ഓരോ മുന്നേറ്റത്തെയും തടഞ്ഞു.

പെനാൽറ്റി ഏരിയയ്ക്ക് പുറത്ത് നിന്ന് ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് ഒരു ലോങ്ങ് റേഞ്ചറിന് ശ്രമിച്ചു. ഒരു ആഴ്സണൽ കളിക്കാരന്റെ ശരീരത്തിൽ തട്ടി വ്യതിചലിച്ച്‌ പന്ത് ഗോൾപോസ്റ്റിന്റെ വലതു മൂലയിലേക്ക് കുതിച്ചു. അന്ന്, പരിക്കേറ്റ ബെർ‌ഡ് ലെനോയ്‌ക്കുള്ള പകരം ആഴ്സണലിന്റെ രണ്ടാമത്തെ ചോയ്‌സ് ആയ എമിലിയാനോ മാർട്ടിനെസ് ആയിരുന്നു ഗോൾകീപ്പർ. ഇടത് വശത്തേക്ക് ഒരു മുഴുനീള ഡൈവ് എടുക്കുന്നതിന് മുന്നേ അദ്ദേഹം ഒരു നിമിഷം നിശ്ചലനായിരുന്നു, ഒരു നിമിഷം മാത്രം. ആദ്യ നോട്ടത്തിൽ പന്ത് ഗോൾവലയിൽ പതിക്കുമെന്നു തോന്നി, പക്ഷേ അപ്പോഴേക്കും മാർട്ടിനെസിന്റെ വിരൽത്തുമ്പുകൾ പന്തിൽ ദൃഢമായി തന്നെ പതിഞ്ഞു. ഭൗതികനിയമങ്ങളെ ധിക്കരിക്കുന്നവനേപ്പോലെ മാർട്ടിനെസ് ഒരു മാത്ര വായുവിൽ തങ്ങി നിന്നു . പന്ത് തട്ടിയകറ്റി; ആർട്ടെറ്റ ആശ്വാസനിശ്വാസം പൊഴിച്ചു. നിർഭാഗ്യവശാൽ, സ്റ്റാൻഡുകൾ ശൂന്യമായിരുന്നു, കരഘോഷങ്ങൾക്ക് ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. എന്നാൽ ആ സേവ്, സോഷ്യൽ മീഡിയയിലൂടെ വീണ്ടും വീണ്ടും പങ്കുവെക്കപ്പെട്ടു. ഗോൾപോസ്റ്റിനു കീഴിലുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനം ആഴ്സണൽ ആരാധകർക്കിടയിൽ മാർട്ടിനെസിന്‌ ഒരു വീരപുരുഷപ്രതീതി നൽകി.

https://mobile.twitter.com/Arsenal/status/1283691851338387458

പത്തു വർഷങ്ങൾ, നിരവധി ലോൺ സ്പെല്ലുകൾ, ലെനോയുടെ പരിക്ക്, ഇത്രയും വേണ്ടി വന്നു മാർട്ടിനെസിന്‌ ഫുട്ബോൾലോകത്തിന് മുന്നിൽ തന്റെ യഥാർത്ഥ കഴിവുകൾ പ്രദർശിപ്പിക്കാൻ. നിരാശാജനകമായേക്കുമായിരുന്ന ആ കരിയർ പൂർണ്ണമായും യു-ടേൺ എടുക്കുന്നത് ലെനോയുടെ പരിക്കോട്‌ കൂടിയാണ്. ഇനി ലെനോയ്ക്ക് തന്റെ സ്ഥാനത്തിനായി പോരാടേണ്ടിവരും, കാരണം മാർട്ടിനെസ് ആത്മവിശ്വാസത്തോടെ ഗോൾവല കാക്കുന്നു, ഓരോ മത്സരങ്ങളിലും മെച്ചപ്പെടുന്നു.

16 വയസുള്ള എമി മാർട്ടിനെസ് അർജന്റീന U17 കളിൽ കളിക്കുമ്പോഴാണ് ആഴ്‌സണൽ സ്കൗട്ട് ചെയ്യുന്നത്. അന്ന് ആഴ്സണൽ അദ്ദേഹത്തെ ഇൻഡിപെൻഡന്റിൽ നിന്ന് വെറും £1.1 മില്യൺ ഡോളറിന് തട്ടിയെടുത്തു. എന്നാൽ എമിറേറ്റ്സിൽ മാർട്ടിനെസ് ഒരിക്കലും ഒരു തുടക്കക്കാരനായിരുന്നില്ല. നേരെമറിച്ച്, ആഴ്സണലിലെ തന്റെ വർഷങ്ങളിൽ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമേ മാർട്ടിനെസ് ആഴ്സണലിന്‌ വേണ്ടി കളിച്ചുള്ളൂ. ഒന്നാം നമ്പർ ഗോൾകീപ്പർമാർ പലരും മോശം പ്രകടന കാഴ്ചവയ്ക്കുമ്പോഴും മാർട്ടിനെസിനെ തേടി അവസരങ്ങൾ വന്നില്ല. ലോവർ ഡിവിഷൻ ടീമുകളായ ഷെഫീൽഡ് വെനസ്ഡേ, റോതർഹാം, റീഡിങ് എന്നിവയിലേക്ക് അദ്ദേഹത്തെ നിരന്തരം വായ്പ കൊടുക്കപ്പെട്ടു. അത് പോലൊരു ഡീലിൽ ഗെറ്റാഫികായും അഞ്ച് തവണ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

ജൂൺ 20 ന് ബ്രൈട്ടനെതിരെയുള്ള മത്സരത്തിൽ പരിക്കിനെത്തുടർന്ന് ബെർണാഡ് ലെനോ പുറത്തായതിന് ശേഷം മാർട്ടിനെസ് കളത്തിലിറങ്ങി. അതിനു മുന്നേ ഈ സീസണിൽ യൂറോപ്പ ലീഗിൽ ആറും എഫ്എ കപ്പിൽ നാലും മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നു. ഈ സീസണിൽ 22 മത്സരങ്ങളിൽ മാർട്ടിനെസ് 9 ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ചു, അതേസമയം 74.4 സേവ് ശതമാനം. ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് പുനരാരംഭിച്ചതിനുശേഷം അദ്ദേഹം ആഴ്സണലിനായി മികച്ച പ്രകടനം കാഴ്ചവച്ചു. മാർട്ടിനെസിനെപ്പോലെ കഠിനാധ്വാനിയായ, ആത്മവിശ്വാസമുള്ള, തെറ്റുകൾ വരുത്താത്ത ഒരു ഗോൾകീപ്പറിനെ തന്നെയായിരുന്നു ആഴ്സണലിന് ഈ സീസണിൽ ആവശ്യം.

ഒരു പക്ഷെ ലോകത്തിലെ ഓരോ രണ്ടാം നമ്പർ ഗോൾകീപ്പർമാരുടെയും കരിയറിന്റെ പരിച്ഛേദമാണ് മാർട്ടിനെസിന്റെ ഇത് വരെ ഉള്ള ഫുട്ബോൾ ജീവിതം. ഭാഗ്യത്തിന്റെ അപ്രതീക്ഷിതമായ ഒരു തലോടലില്ലാതെ, മൈതാനത്തിലെ ഒരു ആകസ്മികതയെങ്കിലും ഇല്ലാതെ രണ്ടാം ഗോളികൾക്ക് കാണികളെയും ക്ലബിനെയും മാനേജരെയും ലോകത്തെ തന്നെയും വിസ്മയിപ്പിക്കാൻ അധികം അവസരങ്ങൾ ലഭിക്കാറില്ല. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ കസിയസ് വരെ 2002 ലോകകപ്പിൽ സ്പെയിനിന്റെ എല്ലാ മത്സരങ്ങളും കളിക്കുന്നത് അവരുടെ ഒന്നാം നമ്പർ കനിസറാസിനു പരിക്കേറ്റതിനാലാണെന്ന് ഓർക്കുക.

ചെൽസിക്കെതിരായ എഫ് എ കപ്പ് ഫൈനൽ മത്സരം, മാർട്ടിനെസിന്റെ തുടർച്ചയായി പന്ത്രണ്ടാം മത്സരമാണ്. ഒരു വിജയത്തോടെ, സീസൺ ഒരു ഉച്ചസ്വരത്തിൽ തന്നെ അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും, മറ്റാരേക്കാളും ആ ട്രോഫിക്ക് അർഹനും അദ്ദേഹം തന്നെ ആണ് .

Advertisement