ഇഞ്ചുറി ടൈമിൽ എറിക്സന്റെ ഗോൾ, രക്ഷപെട്ട് സ്പർസ്

ബേൺലിയുടെ പ്രതിരോധകോട്ട തകർത്ത് സ്പർസിന് ആവേശ ജയം. പ്രീമിയർ ലീഗിൽ സമനിലയിൽ അവസാനിക്കും എന്ന മത്സരത്തെ ഇഞ്ചുറി ടൈം വിന്നറിലൂടെ ക്രിസ്ത്യൻ എറിക്സൺ സ്പർസിനെ ജയത്തിലെത്തിക്കുകയായിരുന്നു. 91 ആം മിനുട്ടിലാണ് സ്പർസിന്റെ ഗോൾ പിറന്നത്. ജയത്തോടെ 39 പോയിന്റുള്ള സ്പർസ് മൂന്നാം സ്ഥാനത്ത് തുടരും.

പതിവിന് വിപരീതമായി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്പർസിന് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് മത്സരത്തിൽ സമനില കൊണ്ട് തൃപ്തി പെടേണ്ടി വരും എന്ന ഘട്ടം എത്തിയത്. ഫിനിഷിങിലെ പോരാഴ്മകളും ബേൺലി ഗോളി ജോ ഹാർട്ടിന്റെ മികച്ച സേവുകളും സ്പർസിനെ 90 മിനുട്ട് നേരം തടഞ്ഞു നിർത്തി. പക്ഷെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന എറിക്സൻ പകരക്കാരനായി ഇറങ്ങി 91 ആം മിനുട്ടിൽ ഹാരി കെയ്ന്റെ പാസിൽ ജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.

കേവലം 12 പോയിന്റ് മാത്രമുള്ള ബേൺലി ലീഗിൽ 17 ആം സ്ഥാനത്താണ്.