ആഴ്‌സണലിലേക്ക് തിരിച്ചെത്തി വിഖ്യാതതാരം എഡു

- Advertisement -

ആഴ്‌സണൽ മുൻ മധ്യനിര താരം എഡു ആഴ്‌സനലിന്റെ ആദ്യ ടെക്നിക്കൽ ഡയറക്ടർ ആയി ക്ലബിൽ തിരിച്ചെത്തി. ആഴ്‌സണൽ തന്നെയാണ് വാർത്ത പുറത്ത് വിട്ടത്. ആഴ്‌സണലിന്റെ വിഖ്യാതമായ 2004-05 ലെ ‘ഇൻവിൻസിബിൾ’ ടീമിൽ അംഗമായ ബ്രസീൽ താരം ഈ കോപ്പ അമേരിക്ക നേടിയ ബ്രസീൽ ടീമിൽ നിന്നാണ് ആഴ്‌സണലിൽ പുതിയ പദവിയിൽ എത്തുന്നത്. ബ്രസീൽ ടീമിന്റെ ജനറൽ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്ന എഡുവിനു പകരം മുൻ ബ്രസീൽ താരം ജുവീന്യോ ആ പദവിയിലേക്ക് വന്നതോടെയാണ്‌ തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങാനുള്ള അവസരം എഡുവിനു ലഭിച്ചത്‌. 2001 മുതൽ 2005 വരെ ആഴ്‌സണലിനായി ബൂട്ട് കെട്ടിയ താരം വെങറിന്റെ ആഴ്‌സനൽ മധ്യനിരയിലെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു.

വെങർ യുഗത്തിന് ശേഷം വരാനിരിക്കുന്ന ക്ലബിന്റെ പുതിയ ഭാവിയിലേക്കാണ് എഡുവിന്റെ ക്ലബിലേക്കുള്ള വരവ് സൂചന നൽകുന്നത്. കഴിഞ്ഞ വർഷം മുതൽ ആധുനിക രീതിയിലുള്ള പരിഷ്‌കാരങ്ങൾ ക്ലബിൽ വരുത്തി തുടങ്ങിയിരുന്ന ആഴ്‌സണൽ എഡുവിലൂടെ പുതിയ തുടർച്ചയാണ് ലക്ഷ്യം വെക്കുന്നത്. മുമ്പ് ആഴ്‌സണൽ പരിശീലകൻ ഉനെയ് എമെറെക്കു കീഴിൽ വലൻസിയയിൽ കളിച്ചിട്ടുള്ള ഈ 41 കാരൻ എമെറെക്കു ഒപ്പം ക്ലബിന്റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായക പങ്ക് വഹിക്കും. പുതിയ താരങ്ങളെ ടീമിൽ എത്തതിക്കുന്നതടക്കം പല നിർണായക കാര്യങ്ങളിലും എഡുവിന്റെ പങ്ക് ആഴ്‌സണലിൽ കാണാനാകും. തനിക്ക് ഏറെ പ്രിയപ്പെട്ട ക്ലബിൽ തിരിച്ചെത്തുന്ന ആവേശവും സന്തോഷവും തുറന്ന് പറഞ്ഞ എഡു ക്ലബിലെ പുതിയ മാറ്റങ്ങൾക്ക് തന്നാൽ കഴിയുന്ന വിധം എല്ലാം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

Advertisement