പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ ക്ലബ് വിടില്ല. താൻ ഈ സീസണിൽ ക്ലബ് വിടില്ല എന്നും മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ തീരുമാനിച്ചു എന്നും എഡേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞു.
എഡേഴ്സ്ണായി നേരത്തെ സൗദി അറേബ്യൻ ക്ലബുകളായ അൽ നസറും അൽ ഇത്തിഹാദും ശ്രമിച്ചിരുന്നു എന്നാൽ സിറ്റി 50 മില്യൺ എങ്കിലും കിട്ടിയാൽ മാത്രമേ എഡേഴ്സണെ വിൽക്കുകയുള്ളൂ എന്ന് തീരുമാനിച്ചത് ട്രാൻസ്ഫർ നടക്കാതിരിക്കാൻ കാരണമായി. ഇന്നലെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ എഡേഴ്സൺ ആയിരുന്നു സിറ്റിയുടെ വല കാത്തത്.
മത്സര ശേഷം സംസാരിച്ച എഡേഴ്സൺ താൻ സിറ്റിയിൽ തുടരാൻ തീരുമാനിച്ചു എന്നും പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി ഈ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തി എന്നും പറഞ്ഞു.
2017മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് എഡേഴ്സൺ. ബെൻഫികയിൽ നിന്നായിരുന്നു എഡേഴ്സൺ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ സിറ്റിയിൽ ബാക്കിയുണ്ട്.
പ്രീമിയർ ലീഗിൽ മൂന്ന് ഗോൾഡൻ ഗ്ലോവും താരത്തിന് സ്വന്തമായുണ്ട്. സിറ്റിക്ക് ഒപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങൾ നേടാനും താരത്തിനായി. ആകെ 18 കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നേടി.