മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ ഈ സീസണിലും ഷെഫീൽഡ് യുണൈറ്റഡിൽ കളിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ട ശേഷമാണ് ഡീൻ ക്ലബ് വിടുന്നത്. ഒരു സീസൺ നീണ്ടു നിൽക്കുന്ന ലോണിലാണ് ഡീൻ ഷെഫീൽഫിൽ പോകുന്നത്. കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിൽ എത്തി അവിടെ വിപ്ലവം സൃഷ്ടിച്ച താരമാണ് ഡീൻ ഹെൻഡേഴ്സൺ.
ഷെഫീൽഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷന്റെ പ്രധാന ക്രെഡിറ്റ് ഡീൻ ഹെൻഡേഴ്സണായിരുന്നു ലഭിച്ചത്. 22കാരനായ ഡീൻ ഷെഫീൽഡ് ഗോൾ വലയ്ക്ക് മുന്നിൽ ഒരു കാവൽ മാലാഖ തന്നെ ആയിരുന്നു. 21 ക്ലീൻഷീറ്റുകളാണ് ഡീൻ ഹെൻഡേഴ്സൺ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. 46 മത്സരങ്ങളിൽ നിന്ന് വെറും 41 ഗോളുകൾ മാത്രമാണ് ഡീൻ ഇത്തവണ വഴങ്ങിയത്. ഷെഫീൽഡ് യുണൈറ്റഡിലെ ആരാധകരുടെ പ്രിയ താരം കൂടിയാണ് ഡീൻ.
അവസാന കുറച്ച് വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്ഥിരമായി ലോണിൽ പോകുന്ന ഡീൻ അണ്ടർ 21 യൂറോയിൽ ഇംഗ്ലണ്ടിന്റെ വല കാത്തിരുന്നു.